ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ആധുനിക പരിശോധനാ സംവിധാനമായ മൾട്ടിപ്ലെക്സ് പിസിആർ ബയോഫയർ മെഷീൻ. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന്റെ (കുറ്റുകാരൻ ഗ്രൂപ്പ്) സിഎസ്ആർ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ ലഭ്യമാക്കിയത്. മെഷീന്റെ ഉദ്ഘാടനം നാളെ നടക്കും.
ബാക്ടീരിയ, വൈറസുകൾ, പരാന്ന ഭോജികൾ, യീസ്റ്റ്, ആന്റിമൈക്രോബയൽ റെസിസ്റ്റന്റ് ജീനുകൾ എന്നിവയ്ക്കായുള്ള പരിശോധനകൾ ഈ മെഷീനിൽ ഒരേ സമയം നടത്താനാകും. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ ലഭിക്കുകയും ചെയ്യും. രോഗനിർണയത്തിലെ കൃത്യതയും പെട്ടെന്നുള്ള രോഗനിർണയവും വഴി ചികിത്സ ഉറപ്പാക്കാനുംസാധിക്കും.
ആന്റിബയോട്ടിക്, ആന്റിവൈറൽ തെറാപ്പി എന്നിവയുടെ ആശുപത്രി ചികിത്സയുടെ ദൈർഘ്യം ഈ സംവിധാനത്തിൽ കുറയ്ക്കാനാകും. സാധാരണ രീതികൾ ഉപയോഗിച്ചുള്ള രോഗനിർണയത്തിൽ പ്രയാസകരമായ മെനിഞ്ചൈറ്റിസ്, എൻസെഫലിറ്റിസ് എന്നിവയുടെ ബാക്ടീരിയയും വൈറൽ കാരണങ്ങളും തമ്മിൽ വേർതിരിച്ച് അറിയലിനും ഈ സംവിധാനത്തിലൂടെ സാധിക്കും.
നാളെ രാവിലെ 10ന് കുട്ടികളുടെ ആശുപത്രിയിലെ വാലീസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ മെഷീന്റെ ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. അജിത്കുമാർ അധ്യക്ഷത വഹിക്കും. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ അന്നമ്മ മാണി, പഞ്ചായത്ത് മെംബർ ജയിംസ് ജോസഫ്,
കുട്ടികളുടെ ആശുപത്രി പീഡിയാട്രിക് മെഡിസിൻ എച്ച്ഒഡി ഡോ. ഡാർലി സാറാമ്മ മാമ്മൻ, കുറ്റുക്കാരൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റുമാരായ സുഭാഷ് കെ. ഔസേപ്പ്, സോമി കെ. ചെറുവത്തൂർ എന്നിവർ പ്രസംഗിക്കും.