കൽപ്പറ്റ: ഇഎസ്എ, ബഫർ സോണ്‍ വിഷയങ്ങളിൽ സംസ്ഥാന വനം വകുപ്പ് ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി ആരോപിച്ചു.
ഇഎസ്എ വിജ്ഞാപനത്തിൽ മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടർനാട്, തൃശിലേരി, ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂൽപ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളാർമല വില്ലേജുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഫർ സോണിൽ(ഇഎസ്സെഡ്)ജില്ലയിലെ 26 പ്രദേശങ്ങൾ ഉൾപ്പെടുന്നതായി വിവരാവകാശനിയമം അനുസരിച്ച ലഭ്യമായ മാപ്പ് പരിശോധിച്ചാൽ വ്യക്തമാകും. വടക്കനാട്, ചെതലയം, പള്ളിവയൽ, കരിപ്പൂർ, മുത്തങ്ങ, പൊൻകുഴി, തലപ്പുഴ, നായ്ക്കെട്ടി, ഒറ്റപ്പാലം, പഴൂർ, തോട്ടാമൂല എന്നീ ജനവാസ മേഖലകൾ പൂർണമായും വനമായാണ് ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇരുളം, ഓർക്കടവ്, കന്നാരംപുഴ, കുറിച്ചിപ്പറ്റ, പാക്കം, ചേകാടി, പടമല, കുറുക്കൻമൂല, ഇരുന്പുപാലം, മണിവയൽ, പനവല്ലി തുടങ്ങിയ പ്രദേശങ്ങൾ ബഫർസോണായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ചാണ് ബഫർസോണ്‍ വനത്തിൽ തന്നെയാണെന്ന് രേഖപ്പെടുത്തി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്.
വന്യമൃഗങ്ങൾക്ക് സ്വൈരവിഹാരത്തിന് സ്ഥലമൊരുക്കുകയാണ് ബഫർ സോണിലൂടെ വനം-പരിസ്ഥിതി മന്ത്രാലയം ലക്ഷ്യംവയ്ക്കുന്നത്. അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ബഫർ സോണിൽ ഉണ്ടാകും. ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഇഎസ്എ, ഇഎസ്സെഡ് വിജ്ഞാപനങ്ങളിലൂടെ വനഭൂമിയാക്കാനുള്ള ഗൂഢശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. ബഫർ സോണ്‍ വനത്തിനകത്ത് മാത്രമാണെന്നും ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ നയത്തിന് വിരുദ്ധമാണ് വനം വകുപ്പിന്റെ നടപടിയെന്ന് യോഗം കുറ്റപ്പെടുത്തി.
ബഫർ സോണ്‍, ഇഎസ്എ മാപ്പുകൾ പിൻവലിക്കുക, ഇഎസ്എയിൽനിന്നു ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പിറവി ദിനമായ നവംബർ ഒന്നിന് കളക്ടറേറ്റ് പടിക്കൽ ഉപവാസം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മറ്റു തീരുമാനങ്ങൾ: ബഫർ സോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നത് ത്വരിതപ്പെടുത്തും. ബോധവത്കരണത്തിനു ലഘുലേഖ വിതരണം, ഗ്രാമ കൂട്ടായ്മ, പ്രചാരണ വാഹനജാഥ എന്നിവ നടത്തും.
ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ ഏലംകുന്നേൽ, ഫാ. ജയിംസ് പുത്തൻപറന്പിൽ, ഫാ. വിനോദ് പാക്കാനക്കുഴി, ഫാ. ടോമി പുത്തൻപുര, സജി ഫിലിപ്പ്, ഡോ. സാജു കൊല്ലപ്പള്ളി, സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, ഡേവി മങ്കുഴ എന്നിവർ പ്രസംഗിച്ചു.