കൽപ്പറ്റ: ജില്ലയിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ദുരിതത്തിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളെ ഉപജീവന പദ്ധതികളിലൂടെ സഹായിക്കുന്നതിന് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തുടക്കം കുറിച്ചു.
കാത്തലിക് റിലീഫ് സർവീസസുമായി സഹകരിച്ച് 300 കുടുംബങ്ങൾക്കാണ് ഉപജീവനം കണ്ടെത്തുന്നതിന് സാന്പത്തിക സഹായം നൽകുക. ഇതിന്റെ ഭാഗമായി വയനാട് സോഷ്യൽ സോഷ്യൽ സർവീസ് സൊസൈറ്റി പ്രവർത്തകർ ഓരോ ഗുണഭോക്താവിനെയും നേരിട്ടുകണ്ട് അവരുടെ വിവര ശേഖരണം നടത്തുകയും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പ് വയ്ക്കുകയും ചെയ്തു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല, മുണ്ടകൈ പ്രദേശങ്ങൾക്കുപുറമേ എടവക, മാനന്തവാടി, തവിഞ്ഞാൽ, തൊണ്ടർനാട്, പനമരം, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തിലെ വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിച്ച കുടുംബങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 300 കുടുംബങ്ങൾക്കായി 50 ലക്ഷം രൂപയുടെ വരുമാന വർധക പരിപാടികളാണ് നടപ്പാക്കുക. മുട്ടക്കോഴി വളർത്തൽ, ആട് വളർത്തൽ, പശു വളർത്തൽ, കൂണ് കൃഷി, ടൈലറിംഗ്, പെട്ടിക്കട, കൂണ് കൃഷി, മത്സ്യം വളർത്തൽ തുടങ്ങിയ വരുമാന വർധക പരിപാടികളാണ് ഗുണഭോക്താക്കൾ തെരഞ്ഞെടുത്തിട്ടുള്ളത്. ഈ മാസം അവസാനത്തോടെ വിവര ശേഖരണം പൂർത്തിയാക്കാനും അടുത്ത മാസം ആദ്യം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നല്കാനുമാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ലക്ഷ്യമിടുന്നത്.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഫീൽഡ് കോഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവരാണ് വിവരശേഖരണം നടത്തുന്നത്. കാത്തലിക് റിലീഫ് സർവീസ് പ്രോജക്ട് കോണ്സൾട്ടന്റ് പി.കെ. കുര്യൻ, ഫിനാൻസ് ഓഫീസർ സി.ജെ. വർഗീസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.