സുൽത്താൻ ബത്തേരി: ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 28, 29 തീയതികളിൽ മൂലങ്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും സംഘാടക സമിതി ജനറൽ കണ്‍വീനറുമായ ശശീന്ദ്രവ്യാസ്, ജോയിന്റ് കണ്‍വീനർ എസ്. കവിത, ആതിഥേയ സ്കൂൾ ഹെഡ്മാസ്റ്റർ എം.സി. അശോകൻ, മീഡിയ കണ്‍വീനർ ശ്രീജിത്ത് വാകേരി, പിടിഎ വൈസ് പ്രസിഡന്റ് കെ.ജി. ഷാജു, സ്റ്റാഫ് സെക്രട്ടറി കെ. സലാം എന്നിവർ വാർത്താസമ്മേളത്തിൽ അറിയിച്ചു.
മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് പദ്മശ്രീ ചെറുവയൽ രാമൻ നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ 29ന് ഉച്ചകഴിഞ്ഞ് 3.30ന് സമാപനയോഗത്തിൽ അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ് നടത്തും. മേള വിളംബരം ചെയ്ത് ടൗണിൽ ജാഥ നടത്തി. ശാസ്ത്രം, ഗണിതശാസ്ത്രം, സമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി വിഭാഗങ്ങളിൽ 67 ഇനങ്ങളിൽ മത്സരം ഉണ്ടാകും. ജില്ലയിലെ മൂന്ന് ഉപജില്ലകളിൽനിന്നുള്ള രണ്ടായിരത്തോളം ശാസ്ത്രപ്രതിഭകൾ പങ്കെടുക്കും.
നാളെ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നന്പർ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, അപ്ലൈഡ് കണ്‍സ്ട്രക്ഷൻ, പസിൽ, ഗ്രൂപ്പ് പ്രോജക്ട്, ടീച്ചിംഗ് എയ്ഡ്, ജോമെട്രിക്കൽ ചാർട്ട്, വർക്കിംഗ് മോഡൽ, പ്യൂവർ കണ്‍സ്ട്രക്ഷൻ, ഗെയിം, സിംഗിൾ പ്രോജക്ട്, മാഗസിൻ എന്നിവയിൽ മത്സരം നടക്കും. പ്രവൃത്തിപരിചയ മേളയിൽ തത്സമയ മൽസരങ്ങൾ, സാമൂഹികശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചന, അറ്റ്ലസ് നിർമാണം, ഐടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ മത്സരങ്ങൾ നടത്തും.
29ന് ശാസ്ത്രോത്സവത്തിൽ സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ്, ടീച്ചിംഗ് എയ്ഡ്, ഇംപ്രോവൈസ്ഡ് എക്സ്പിരിമെന്റ്സ്, വർക്കിംഗ് മോഡൽ, ടീച്ചർ പ്രോജക്ട്, സയൻസ് മാഗസിൻ എന്നിവയിലും സാമൂഹികശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിലും പ്രസംഗത്തിലും മത്സരം ഉണ്ടാകും. ഐടി മേളയിൽ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ടീച്ചിംഗ് എയ്ഡ്, വെബ് ഡിസൈനിംഗ്, പ്രോഗ്രാമിംഗ് എന്നിവയിലാണ് മത്സരം. രാവിലെ 11ന് ശാസ്ത്രനാടക മത്സരം നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ അവസരം ഉണ്ടാകും.