കൽപ്പറ്റ: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനു ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഡ് ഫെസ്റ്റ് സീസണ് രണ്ടിന്റെ ഭാഗമായി മിനി മാരത്തണ്‍ നടത്തി.
പനമരം പാലത്തിനു സമീപത്തുനിന്നു വള്ളിയൂർക്കാവിലേക്കായിരുന്നു മാരത്തണ്‍. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഫ്ളാഗ് ഓഫ് ചെയ്തു. രണ്ട് വിഭാഗത്തിൽ നടത്തിയ മത്സരത്തിൽ 85 ഓളം പേർ പങ്കെടുത്തു.
മിനി മാരത്തോണ്‍ ജനറൽ വിഭാഗത്തിൽ എം.എസ്. അജ്മൽ, സെബിൽ ആകാശ്, പോൾ ബിജു, നന്ദകിഷോർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് നാല് സ്ഥാനം നേടി. വെറ്ററൻസ് വിഭാഗത്തിൽ സാബു പോൾ, തോമസ് പള്ളിത്താഴത്ത്, ബാലകൃഷ്ണൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. വിജയികൾക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി കാഷ് അവാർഡ് സമ്മാനിച്ചു.
ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, മാനേജർമാരായ പി.പി. പ്രവീണ്‍, ബിജു ജോസഫ്, രതീഷ് ബാബു, കെ.വി. രാജു, ലൂക്കാ ഫ്രാൻസിസ്, സി.കെ. വിനോദ് എന്നിവർ സന്നിഹിതരായിരുന്നു. മഡ് ഫെസ്റ്റ് ഔദ്യോഗിക ഉദ്ഘാടനം ഇന്നു രാവിലെ ഒൻപതിന് വള്ളിയൂർക്കാവിന് സമീപം കണ്ണിവയലിൽ ജില്ലാ കളക്ടർ ഡോ.രേണു രാജ് നിർവഹിക്കും.