തിരുവനന്തപുരം: നഗരസഭയും കേരള സംസ്ഥാന സാക്ഷരതാമിഷൻ അഥോറിറ്റിയും സംയുക്തമായി നടപ്പാക്കി വരുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയിലെ തുല്യതാ പഠിതാക്കളുടെയും കോ-ഓർഡിനേറ്റർമാരുടെയും സംഗമവും പച്ചമലയാളം കോഴ്സ് നഗരസഭാതല ഉദ്ഘാടനവും പാളയം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചു.
മേയർ ആര്യ രാജേന്ദ്രൻ ഉദ് ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി. ഒലീന മുഖ്യപ്രഭാഷണം നിർവഹിച്ചു.
നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈമാസ് റൊസാരിയോ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ് സൺ ഷാജിതാ നാസർ, നഗരസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാദേവി, മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, അഡ്വ. രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.
പച്ചമലയാളം കോഴ്സ്, ഗുഡ് ഇംഗ്ലീഷ്, ഡിജി കേരളം, ഫിനാൻഷ്യൽ സാക്ഷരത, പൗരധ്വനി, ഏഴാം തരം, പത്താംതരം, ഹയർസെക്കൻഡറി തുടങ്ങിയ കോഴ്സുകൾ നഗരസഭ അക്ഷരശ്രീ പദ്ധതിയിലൂടെ സൗജന്യമായി നടപ്പിലാക്കുകയാണ്. ബി. സജീവ്, കെ.വി. രതീഷ്, ടി.വി. ശ്രീജൻ, സജിത, വാർഡ് കോ-ഓർഡിനേറ്റർമാർ, തുല്യതാ പഠിതാക്കൾ എന്നിവർ പങ്കെടുത്തു.