കെപിസിസി പട്ടികയായി; യുവാക്കളും വനിതകളും പുട്ടിന് പീരപോലെ
Wednesday, October 11, 2017 10:44 PM IST
ന്യൂഡൽഹി: ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി കെപിസിസി പുതിയ ഭാരവാഹി പട്ടിക തയാറാക്കി. യുവാക്കളെയും വനിതകളെയും പേരിന് മാത്രം ഉൾപ്പെടുത്തി ഗ്രൂപ്പ് വീതം വയ്പ്പിലൂടെ 282 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിപുലമായി തയാറാക്കിയിരിക്കുന്ന പട്ടികയിൽ പക്ഷേ, പുതുമുഖങ്ങൾ പത്ത് പേരാണ്. ഇവരാകട്ടെ 60 വയസ് കഴിഞ്ഞവരും.

പട്ടികയിൽ 18 വനിതകളാണ് ഇടം പിടിച്ചിരിക്കുന്നത്. യുവാക്കൾ പേരിന് മാത്രം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നും 10 പേര് മാത്രമാണ് പട്ടികയിലുള്ളത്. കെ.മുരളീധരനുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കുന്ന വക്കം പുരുഷോത്തമനും ഇടം ലഭിച്ചില്ല. എന്നാൽ മുതിർന്ന നേതാക്കളായ കെ.ശങ്കരനാരായണൻ, എം.എം.ജേക്കബ് തുടങ്ങിയ നേതാക്കൾ പുതിയ പട്ടികയിലും ഇടം നേടിയെന്നത് ശ്രദ്ധേയമാണ്.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പാണ് സംസ്ഥാനത്ത് നടന്നതെന്ന പരാതി ഇപ്പോൾ തന്നെ ഹൈക്കമാൻഡിന് മുന്നിലുണ്ട്. എ ഗ്രൂപ്പിനാണ് പട്ടികയിൽ കൂടുതൽ പരിഗണന ലഭിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പിനേക്കാൾ 22 പേരെ അധികം പട്ടികയിൽ ഉൾപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. എംപിമാർ നിർദ്ദേശിച്ച ചില പേരുകൾ സംസ്ഥാന നേതൃത്വം വെട്ടിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. യുവാക്കളെയും വനിതകളെയും അവഗണിച്ച കെപിസിസി പട്ടിക ഹൈക്കമാൻഡ് അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ഡൽഹി വൃത്തങ്ങൾ നൽകുന്ന സൂചന.

പട്ടികയെക്കുറിച്ച് വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുൽ ഗാന്ധിയെ കാണുന്നുണ്ട്. രാഹുലിനെ കാണാൻ അദ്ദേഹം സമയം തേടി. ഗുജറാത്തിൽ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുൽ ഇന്ന് കേരളത്തിന്‍റെ വിഷയങ്ങൾ പരിശോധിച്ചേക്കും. സോളാർ വിവാദവും കേസുകളും കത്തി നിൽക്കുന്ന സമയത്ത് ഹൈക്കമാൻഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടിക ഏത് രീതിയിൽ ദേശീയ നേതൃത്വം പരിഗണിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.