ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
Wednesday, April 27, 2022 10:57 AM IST
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിനു ഉടമയായിരിക്കുകയാണ് കിടങ്ങൂർ സ്വദേശിനി വൈക്കത്തുശേരിൽ ഷീലാ റാണി.
കഴിഞ്ഞ 12 വർഷമായി പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നഴ്സായി ജോലി ചെയ്യുകയാണ് ഷീല റാണി. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ അവാർഡിലേക്ക് പരിഗണിക്കുന്നത്. പാലിയേറ്റീവ് രംഗത്ത് കേരളത്തിൽനിന്ന് ഈ വലിയ അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് ഷീല. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും.
കിടങ്ങൂർ പികെവി വനിതാ ലൈബ്രറിയുടെ സെക്രട്ടറിയുമായ ഷീല, പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന പികെവി ലൈബ്രറിയുടെ സ്നേഹ സാന്ത്വനം പരിപാടിയ്ക്കു നേതൃത്വം നൽകിവരുന്നു. നിലവിൽ കൂടല്ലൂർ പിഎച്ച്സിയിൽ ജോലി ചെയ്യുകയാണ്.
ഇതിനു മുന്പും സംസ്ഥാന സർക്കാരിന്റേതടക്കം നിരവധി പുരസ്കാരങ്ങളും ആദരവുകളും അനുമോദനങ്ങളും ഷീലയെ തേടിയെത്തിയിട്ടുണ്ട്. ഒപ്പം പരിസ്ഥിതി സാമൂഹ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ജ്യോതിഷ - വാസ്തു വിദഗ്ധൻ ജയചന്ദ്രർ വൈക്കത്തുശേരിലാണ് ഭർത്താവ്. മക്കൾ: അർച്ചന, അക്ഷയ്, ജഗന്നാഥൻ.