അഭിമാനം; 44 ലക്ഷം രൂപയുടെ ഫെലോഷിപ് നേടി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്
Thursday, October 12, 2023 12:58 PM IST
യൂറോപ്യൻ റിസർച് കൺസോർഷ്യം ഫോർ ഇൻഫർമേഷൻ ആൻഡ് മാത്തമാറ്റിക്സ് (ERCIM) നൽകി വരുന്ന അലൈൻ ബെൻസോസൻ (Alain Bensoussan) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനു അർഹനായി ഇരിട്ടി സ്വദേശി ഡോ. ജോബിൻ ഫ്രാൻസിസ്.
ഒരു വർഷത്തെ ഫെലോഷിപ്പിനു 48,300 യൂറോ (ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഗ്രാന്റ് ആയി ലഭിക്കുക.
കണ്ണൂർ, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിൽ നിന്നും ബി ടെക്, എം ടെക് എന്നിവ പൂർത്തിയാക്കിയ ജോബിൻ കാലിക്കറ്റ് എൻഐടിയിൽ നിന്നും ഗവേഷണം പൂർത്തിയാക്കി.
നോർവെജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NTNU) നോർവേ ആണ് ജോബിൻ തെരഞ്ഞെടുത്ത ഹോസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.
ഫുഡ് ക്വാളിറ്റി ഇൻസ്പെക്ഷൻ യൂസിംഗ് ഹൈപ്പർസ്പെക്ട്രറൽ ഇമേജിംഗ് എന്ന വിഷയത്തിൽ തുടർഗവേഷണം നടത്തുകയാണ് ഡോ. ജോബിൻ ഇപ്പോൾ.
ഇരിട്ടി ഉളിക്കൽ കപ്യാരുമലയിൽ ഫ്രാൻസിസ് – വത്സമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ.ശാലു വർഗീസ്.
യൂറോപ്പിലേക്ക് പഠനവാതിൽ തുറന്നിട്ട് ERCIM
യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന സ്കോളർ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അവസരമാണ് ERCIM പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്.
കംപ്യൂട്ടർ ആപ്ലിക്കേഷൻ, ക്ളൗഡ് കംപ്യൂട്ടിംഗ്, കംപ്യൂട്ടിംഗ് മെത്തഡോളജിസ്, ഇൻഫർമേഷൻ സിസ്റ്റംസ്, മാത്തമാറ്റിക്സ്, ബിഗ് ഡാറ്റ, മെഷീൻ ലേർണിംഗ്, ഹാർഡ്വെയർ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിൽ തുടർ ഗവേഷണം ആഗ്രഹിക്കുന്നവർക്ക് ഈ ഫെലോഷിപ്പിനു അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വിഷയങ്ങളിൽ പിഎച്ഡി പൂർത്തിയാക്കിയവരോ തീസിസ് സമർപ്പിച്ചവരോ ആയിരിക്കണം. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത് , വർഷത്തിൽ രണ്ടു തവണ അപേക്ഷിക്കാം.
റിസേർച് പ്രൊപോസൽ, ഗവേഷണ വിവരങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ബയോഡാറ്റ, പബ്ലിക്കേഷൻസ് ലിസ്റ്റ് , കുറഞ്ഞത് രണ്ടു ജേർണലുകളുടെ പകർപ്പ്, റഫറൻസ് ലെറ്റർ എന്നിവ അനിവാര്യമാണ്.
ഒരു വർഷം; 50 ലക്ഷം വരെ ഫെലോഷിപ്
12 മാസമാണ് ഫെല്ലോഷിപ്പിന്റെ കാലാവധി. ഏകദേശം 50 ലക്ഷം രൂപയോളം ഫെലോഷിപ് ലഭിക്കും. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടെ ഫെലോഷിപ് നീട്ടുകയുമാവാം.
ERCIM നിഷ്കർഷിച്ചിരിക്കുന്ന വിവിധ രാജ്യങ്ങളിൽ ഉള്ള ഇൻസ്റ്റിട്യൂട്ടുകളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് അനുസരിച്ചു ഫെല്ലോഷിപ്പ് ഗ്രാന്റ് മാറ്റം വരാവുന്നതാണ്.
മറ്റ് ആനുകൂല്യങ്ങളും മികച്ചത്
1. ERCIM ഫെല്ലോഷിപ്പ് നേടുന്ന ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കപ്പെട്ട ഇൻസ്റ്റ്യൂട്ടിലേക്കും തിരിച്ചു സ്വന്തം രാജ്യത്തേക്കുമുള്ള ട്രാവൽ ഗ്രാന്റ് ആയി പരമാവധി 500 യൂറോ വീതം ലഭിക്കുന്നതാണ്.
2. ഫെല്ലോഷിപ്പിന്റെ കാലയളവിൽ റിസർച്ച് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഹോസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അല്ലാത്ത വേറൊരു രാജ്യത്തെ ERCIM ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കുറഞ്ഞത് രണ്ടു ആഴ്ചയിൽ കുറയാതെ ഉള്ള പര്യടനം നിർബന്ധമായും നടത്തിയിരിക്കണം. ഇതിനായി ട്രാവൽ ഗ്രാന്റ്, അക്കോമഡേഷൻ ഉൾപ്പെടെ പരമാവധി 1200 യൂറോ വരെ ലഭിക്കും .
3. ഫെലോഷിപ്പിന്റെ കാലയളവിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കോൺഫെറെൻസിനു റജിസ്ട്രേഷൻ, ട്രാവൽ,അക്കോമഡേഷൻ എന്നിവ ഉൾപ്പെടെ പരമാവധി 1200 യൂറോ വരെ ലഭിക്കും.