കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീതിമാൻ. നിഷ്കളങ്കൻ. സത്യസന്ധൻ. തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവൻ. സന്താനങ്ങൾകൊണ്ടും സന്പത്തുകൊണ്ടും അനുഗൃഹീതൻ. സകലരാലും ആരാധ്യൻ. അങ്ങനെയൊരാളെ സാത്താനു വെറുതേ വിടാൻ പറ്റുമോ? അവൻ ജോബിനെ പിടികൂടാൻ തക്കംപാർത്തിരുന്നു.
ഒരു ദിവസം സാത്താന് അതിനുള്ള അവസരം ലഭിച്ചു. ജോബിന്റെ സദ്ഗുണങ്ങളെ ദൈവം പുകഴ്ത്തി സംസാരിച്ചപ്പോൾ സാത്താൻ പറഞ്ഞു, "വെറുതേയാണോ ജോബ് തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നത്? അങ്ങ് അവനു ധാരാളം സന്പത്ത് വാരിക്കോരി കൊടുത്തില്ലേ? അവന്റെ സന്പത്തിനുമേൽ കൈവച്ചുനോക്കൂ. അപ്പോൾ കാണാം അവന്റെ നിറം മാറുന്നത്.'
അപ്പോൾ, ജോബിന്റെ സന്പത്തിന്റെ മേൽ കൈവയ്ക്കാൻ ദൈവം സാത്താന് അധികാരം കൊടുത്തു. സാത്താൻ പിന്നെ വൈകിയില്ല. ജോബിന്റെ സന്പത്തു മുഴുവൻ നശിപ്പിച്ചു. അതിന്റെ പിന്നാലെ ജോബിന്റെ മക്കളുടെ മേലും സാത്താൻ കൈവച്ചു. ദുഃഖിതനെങ്കിലും ജോബ് സാഷ്ടാംഗം വീണു ദൈവത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു, "ദൈവം തന്നു. ദൈവം എടുത്തു. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ!'
ദുരിതങ്ങളിലും തളരാതെ
സാത്താൻ വീണ്ടും ദൈവസന്നിധിയിൽ തന്റെ പുതിയ പ്ലാനുമായി എത്തി. അവൻ പറഞ്ഞു, "ജോബിന്റെ അസ്ഥിയിലും മാംസത്തിലും കൈവയ്ക്കാൻ എന്നെ അനുവദിക്കൂ. അപ്പോൾ കാണാം അവൻ അങ്ങയെ ദുഷിക്കുന്നത്.' ജോബിന്റെ ജീവനിൽ മാത്രം കൈവയ്ക്കരുതെന്ന നിബന്ധനയോടെ ദൈവം അതും അനുവദിച്ചു.
സാത്താൻ ജോബിനെ ശരിക്കും പീഡിപ്പിച്ചു. ജോബിന്റെ ശരീരം മുഴുവൻ വ്രണങ്ങൾകൊണ്ട് അവൻ നിറച്ചു. അപ്പോൾ ദൈവത്തെ ശപിച്ചു മരിക്കാൻ ഭാര്യ ഉപദേശിച്ചു. ജോബ് ഉടനെ ഭാര്യയോടു പറഞ്ഞു, "നീ ഭോഷത്തം പറയുന്നോ? ദൈവകരങ്ങളിൽനിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാൻ മടിക്കുകയോ?'
ദുഃഖദുരിതങ്ങളുടെ വേലിയേറ്റത്തിൽ ആദ്യം തന്റേടത്തോടെ നിന്നെങ്കിൽ പിന്നീട് ജോബ് അല്പം പതറി. "ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ' എന്നു ജോബ് വിലപിച്ചു. അതോടൊപ്പം നീതിമാന്റെ സഹനവും ദൈവത്തിന്റെ നീതിയും മനസിലാക്കാൻ ഏറെ പാടുപെട്ടു. എങ്കിലും അദ്ദേഹം ഒരിക്കലും ദൈവത്തെ ശപിച്ചില്ല. എന്നു മാത്രമല്ല, തന്റെ എണ്ണമറ്റ സങ്കടങ്ങൾക്കിടയിലും ജോബ് ദൈവത്തിൽ പ്രത്യാശ അർപ്പിച്ചു.
ജോബ് പറഞ്ഞു, "എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നെന്നും അവസാനം അവിടന്ന് എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു.' ജോബിൽ കുടികൊണ്ട പ്രത്യാശയുടെ ആഴം എത്ര അധികമാണെന്നു വ്യക്തമാക്കുന്ന വാക്കുകളാണിവ. ജോബ് തുടർന്നു പറയുന്നു, "എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നു ഞാൻ ദൈവത്തെ കാണും. അവിടത്തെ ഞാൻ എന്റെ പക്ഷത്തു കാണും.'
ജീവൻ ഒഴികെ സന്പത്തും സന്താനങ്ങളും ആരോഗ്യവും സത്പേരുമൊക്കെ നഷ്ടപ്പെട്ടവന്റെ വാക്കുകളാണിത്. ആ വാക്കുകളാകട്ടെ പ്രത്യാശ നിറഞ്ഞവയും. എന്തു ദുഃഖദുരിതങ്ങളുണ്ടായാലും ദൈവം തന്റെ പക്ഷത്താണെന്ന ബോധ്യം ജോബിനുണ്ടായിരുന്നു. ആ ബോധ്യത്തിൽനിന്നാണ് ദൈവത്തിൽ തന്റെ സകല പ്രതീക്ഷയും അർപ്പിക്കാൻ ജോബിനു സാധിച്ചത്.
പ്രത്യാശയുടെ ശക്തി
നമുക്കും വേണ്ടത് ഇതുപോലുള്ള പ്രത്യാശയാണ്. എന്ത് അനർഥങ്ങളുണ്ടായാലും ദൈവം നമ്മുടെ പക്ഷത്താണെന്ന ബോധ്യവും അതിൽനിന്നുളവാകുന്ന പ്രത്യാശയും. അങ്ങനെയുള്ള പ്രതീക്ഷ ഫലമണിയുമെന്നതിൽ രണ്ടുപക്ഷമില്ല. എന്നാൽ, അതു നമ്മുടെ നന്മയ്ക്കുതകുന്ന രീതിയിൽ ദൈവം തീരുമാനിക്കുന്നതു പോലെയായിരിക്കും എന്നു മാത്രം.
ആ നീതിമാന്റെ പ്രത്യാശ ഫലമണിയുന്നതോടെയാണു വിശുദ്ധ ഗ്രന്ഥത്തിലെ ജോബിന്റെ കഥ അവസാനിക്കുന്നത്. ജോബിന് ആരോഗ്യവും സന്പത്തും തിരികെ ലഭിച്ചു. നഷ്ടപ്പെട്ട മക്കളുടെ സ്ഥാനത്തു പുതിയ മക്കളെ ലഭിച്ചു. അവരാകട്ടെ എല്ലാ രീതിയിലും മിടുമിടുക്കരുമായിരുന്നു.
വിശുദ്ധ പൗലോസ് അപ്പസ്തോലൻ എഴുതുന്നു, "ദൈവമഹത്വത്തിൽ പങ്കുചേരുമെന്ന പ്രത്യാശയിൽ നമുക്ക് അഭിമാനിക്കാം. മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാൽ കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നുവെന്നു നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു’ (റോമ 5:2-5).
സഹനങ്ങളിലും സങ്കടങ്ങളിലും പ്രത്യാശ നഷ്ടപ്പെടാതെ ജീവിച്ച അപ്പസ്തോലനായിരുന്നു പൗലോസ്. അതിന്റെ കാരണം, ദുഃഖദുരിതങ്ങൾക്കിടയിൽ അവയെ നേരിടാനുള്ള ശക്തി തനിക്കു പരിശുദ്ധാത്മാവിലൂടെ ലഭിക്കുന്നതു ദൈവം തന്നിലേക്കു വർഷിക്കുന്ന സ്നേഹമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. നമുക്കു വേണ്ടതും ഈ വിശ്വാസവും ബോധ്യവുമാണ്.
ഏതു വിധത്തിലുള്ള ദുഃഖവും ദുരിതവും ദൈവം നമുക്ക് അനുവദിച്ചാലും അവിടത്തെ സ്നേഹം നിരന്തരം നമ്മിലേക്കു പ്രവഹിച്ചുകൊണ്ടിരിക്കും. ഹൃദയം തുറന്ന് ഈ ദൈവസ്നേഹം സ്വീകരിച്ചാൽ നാം പ്രത്യാശയുടെ മനുഷ്യരായി മാറും. ആ പ്രത്യാശ ഈ ലോകത്തിലല്ലെങ്കിൽ പരലോകത്തിൽ ഫലമണിയുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ