ബാരിക്കേഡ് ചാട്ടം തിരുവനന്തപുരത്തെ പ്രത്യേക വേദിയിലാകും അരങ്ങേറുക. ബോഡി കേടായാലും കുഴപ്പമില്ല എന്നുള്ള മത്സരാര്‍ഥികള്‍ കൃത്യസമയത്തുതന്നെ വേദിക്കു സമീപം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇവിടെ കുളിക്കാനുള്ള പ്രത്യേക സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സോപ്പും തോര്‍ത്തും ഖദര്‍ ഷര്‍ട്ടും മത്സരാര്ഥികള്തന്നെ കൊണ്ടുവരേണ്ടതാണ്.
പ്രമുഖരുടെ കൂട്ടയോട്ടം ഈ വഴി കടന്നുവരേണ്ടതുള്ളതിനാൽ അഴിഞ്ഞുപോയ മുണ്ടുകൾ, കീറിയ ചുരിദാർ കഷണങ്ങൾ, കറുത്ത തലമുടികൾ തുടങ്ങിയവ വേദിക്കു സമീപം കൂട്ടിയിടരുത്. കാരണം, ആവശ്യത്തിനു തുണി തലയിൽ ഇട്ടുകൊണ്ടാണ് കൂട്ടയോട്ടക്കാർ വരുന്നത്. അതുപോലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അത്യാവശ്യം വേണ്ട വേഷവിധാനങ്ങൾ ധരിച്ചിട്ടുണ്ടെന്നു ടീം മാനേജർമാർ ഉറപ്പാക്കേണ്ടതാണ്. അടിപിടി വേദിയിൽ അടിവസ്ത്രം നിർബന്ധം.
കൂട്ടയോട്ടം വരുന്നതിനു മുന്‍പ് ഗൺമാൻമാരുടെ നേതൃത്വത്തിൽ ക്ലീൻ പ്രോട്ടോകോൾ പാലിക്കുന്നതായിരിക്കും. ക്ലീൻ ചെയ്യാനാവശ്യമായ വടി, കുന്തം, പന്തം തുടങ്ങിയവ സംഘാടകർ എത്തിച്ചുനൽകും.
ഗണ്ണുമായി നടക്കുന്നയാളാണ് ഗണ്മാന് എന്നായിരുന്നു ഇതുവരെ മലയാളിയുടെ ധാരണ. എന്നാൽ, കൊല്ലത്തെ മത്സരം കഴിഞ്ഞപ്പോൾ ഇതിന്റെ ചട്ടങ്ങൾ മാറ്റിയിട്ടുണ്ട്. നീളൻ കമ്പുമായി വന്നു രക്ഷാപ്രവർത്തനം നടത്തുന്നയാളെ എങ്ങനെ ഗണ്മാന് എന്നു വിളിക്കും? അതുകൊണ്ട് ഇദ്ദേഹം ഇനി മുതൽ കമ്പുമാന് എന്നറിയപ്പെടും. മുഖ്യമന്ത്രിയുടെ കന്പുമാൻ, ഗവർണറുടെ കന്പുമാൻ, പ്രതിപക്ഷനേതാവിന്റെ കന്പുമാൻ എന്നിങ്ങനെയായിരിക്കും ഇനി ഇവർ വിളിക്കപ്പെടുക..! കന്പ് ഉലക്കയാക്കി മാറ്റാൻ പറ്റുമോയെന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്.
-മിസ്ഡ് കോൾകാന്പസിൽ എസ്എഫ്ഐ കെട്ടിയ ബാനറുകൾ ഗവർണർ പോലീസിനെക്കൊണ്ട് അഴിപ്പിച്ചു.
-വാർത്ത
ഒരിടത്തു കരിങ്കൊടി അലർജി, മറ്റൊരിടത്തു ബാനർ അലർജി!