റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിലെ 4208 കോണ്‍സ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം റെയിൽവേയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരമുണ്ട്. ഓണ്‍ലൈനായി മേയ് 14 വരെ അപേക്ഷിക്കാം.
തസ്തികകളും ഒഴിവും
സബ് ഇൻസ്പെക്ടർ 452 (പുരുഷൻ 384, വനിത-68), കോണ്‍സ്റ്റബിൾ-4208 (പുരുഷൻ-3577, വനിത 631).വിദ്യാഭ്യാസ യോഗ്യത: സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ബിരുദമാണു യോഗ്യത. കോണ്‍സ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംക്ലാസ് പാസായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം. കോഴ്സിന്റെ അവസാനവർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ശന്പളം: സബ് ഇൻസ്പെക്ടർക്ക് 35,400 രൂപയും കോണ്‍സ്റ്റബിളിന് 21,700 രൂപയുമാണ് തുടക്കം.
പ്രായം: സബ് ഇൻസ്പെക്ടർക്ക് 20-28 വയസ്, കോണ്‍സ്റ്റബിളിന് 18-28 വയസ്. 01.07.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക (അർഹർക്ക് ഇളവ്).
ശാരീരികക്ഷമതാ പരിശോധനയിൽ ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും: കോണ്‍സ്റ്റബിൾ (എക്സിക്യൂട്ടീവ്): പുരുഷൻ: 5 മിനിറ്റ് 45 സെക്കൻഡിൽ 1600 കി.മീ ഓട്ടം, ലോംഗ് ജംപ് 14 അടി, ഹൈജംപ് 4 അടി. സ്ത്രീ: 3 മിനിറ്റ് 40 സെക്കൻഡിൽ 800 കി.മീ ഓട്ടം, ലോംഗ് ജംപ് 9 അടി, ഹൈജംപ് 3 അടി.
സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്): പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1600 കി.മീ ഓട്ടം, ലോംഗ് ജംപ് 12 അടി, ഹൈജംപ് 3 അടി 9 ഇഞ്ച്. സ്ത്രീ: 4 മിനിറ്റിൽ 800 കി.മീ ഓട്ടം, ലോംഗ് ജംപ് 9 അടി, ഹൈജംപ് 3 അടി.
പരീക്ഷ: കോണ്‍സ്റ്റബിളിന് പത്താം തലത്തിലെയും സബ് ഇൻസ്പെക്ടർക്ക് ബിരുദതലത്തിലെയും ചോദ്യങ്ങളാണ് ഉണ്ടാവുക. ആകെ 120 ചോദ്യങ്ങളുണ്ടാവും. ഗണിതം-35, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്-35, പൊതുവിജ്ഞാനം-50 എന്നിങ്ങനെയാണ് ഓരോ വിഷയത്തിനു മുള്ള മാർക്ക്.
90 മിനിറ്റാണ് ആകെ അപേക്ഷ സ്വീകരിക്കുന്ന പരീക്ഷാസമയം. തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ട്. ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷളിലും ലഭിക്കും. വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും വിമുക്തഭടന്മാർക്കും 250 രൂപയാണ് ഫീസ്. ഇവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ഹാജരായാൽ ബാങ്ക് ചാർജ് ഒഴികെയുള്ള തുക മടക്കിനൽകും.
മേൽപ്പറഞ്ഞ വിഭാഗങ്ങളിലൊന്നും പെടാത്തവർക്ക് 500 രൂപയാണ് ഫീസ്. ഇവർക്ക് 400 രൂപ തിരികെ നൽകും. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ: 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് ആർആർബിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
www.rrbthiruvananthapuram.gov.in