വിമൻസ് ഡേ
Friday, February 14, 2025 4:21 AM IST
വഡോദര: ലോക പ്രണയദിനത്തിൽ ഇന്ത്യൻ വനിതകൾക്കു പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മധുരം. 2025 വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20ക്ക് ഇന്നു വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ജയന്റ്സും തമ്മിൽ രാത്രി 7.30നാണ് ഉദ്ഘാട പോരാട്ടം. ഐപിഎല്ലിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുള്ള സ്വകാര്യഅഹങ്കാരമാണ് ഡബ്ല്യുപിഎൽ.
അഞ്ചു ടീമുകൾ
ഡൽഹി ക്യാപ്പിറ്റൽസ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, യുപി വാരിയേഴ്സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഇത്തവണയും ഡബ്ല്യുപിഎല്ലിൽ കൊന്പുകോർക്കുക. സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് നിലവിലെ ചാന്പ്യന്മാർ. ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസായിരുന്നു 2023ലെ പ്രഥമ ഡബ്ല്യുപിഎൽ ജേതാക്കൾ.
ഓസ്ട്രേലിയക്കാരായ ബേത് മൂണി (ഗുജറാത്ത് ജയ്ന്റ്സ്), മെഗ് ലാനിംഗ് (ഡൽഹി ക്യാപ്പിറ്റൽസ്), അലീസ ഹീലി (യുപി വാരിയേഴ്സ്) എന്നിവരാണ് മറ്റു മൂന്നു ടീമുകളുടെയും ക്യാപ്റ്റന്മാർ.
22 മത്സരങ്ങൾ
മാർച്ച് 15ന് മുംബൈയിലെ ബ്രാബോണ് സ്റ്റേഡിയത്തിലാണ് ഫൈനൽ. ഫൈനൽ അടക്കം 22 മത്സരങ്ങൾ അരങ്ങേറും. ലീഗ് റൗണ്ടിൽ എല്ലാ ടീമുകളും തമ്മിൽ രണ്ടു തവണ വീതം ഏറ്റുമുട്ടും. തുടർന്ന് പോയിന്റ് നിലയിലെ ഒന്നാം സ്ഥാനക്കാർ ഫൈനലിലേക്കു മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടുന്ന എലിമിനേഷനിൽ ജയിക്കുന്ന ടീമും ഫൈനലിലെത്തും.
സ്മൃതി മുതൽ സിമ്രാൻവരെ
ഡബ്ല്യുപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മൃതി മന്ദാന (3.40 കോടി രൂപ) മുതൽ 2025 മിനി ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിയായ സിമ്രാൻ ഷെയ്ഖ് (1.90 കോടി) വരെ ഇത്തവണ പോരാട്ടത്തിനു ഗ്ലാമർ പരിവേഷം നൽകും.
വെസ്റ്റ് ഇൻഡീസ് സൂപ്പർ ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹീതർ നൈറ്റ് എന്നിവരും 2025 വനിതാ പ്രീമിയർ ലീഗിലെ ഗ്ലാമർ താരങ്ങളാണ്. ഡോട്ടിൻ ഗുജറാത്ത് ജയന്റ്സിലും ഹീതർ നൈറ്റ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലുമാണ് എത്തിയിരിക്കുന്നത്.
മലയാളികൾ
ഡൽഹി ക്യാപ്പിറ്റൽസിന്റെ മിന്നു മണി, മുംബൈ ഇന്ത്യൻസിന്റെ എസ്. സജന, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ വി.ജെ. ജോഷിത, ആശ ശോഭന എന്നിവരാണ് ഡബ്ല്യുപിഎൽ 2025 സീസണിൽ കേരളത്തിന്റെ സുപ്രധാന സാന്നിധ്യങ്ങൾ. ഐസിസി അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീം അംഗമാണ് വി.ജെ. ജോഷിത. മിന്നു മണി, ആശ, സജന എന്നിവരെ ടീമുകൾ നിലനിർത്തുകയായിരുന്നു.
ആശ നഷ്ടം
വനിതാ പ്രീമിയർ ലീഗ് 2025 സീസണിൽ കേരളത്തിന്റെ സാന്നിധ്യമായ ആശ ശോഭന പരിക്കിനെത്തുടർന്നു ടൂർണമെന്റിൽനിന്നു പിന്മാറി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്പിൻ ആക്രമണം നയിച്ചിരുന്നത് ഈ തിരുവനന്തപുരം സ്വദേശിനിയായിരുന്നു. 2024ൽ ഡബ്ല്യുപിഎൽ ട്രോഫി റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കുന്നതിൽ നിർണായ പങ്കുവഹിച്ചതും മുപ്പത്തിമൂന്നുകാരിയായ സ്പിൻ ഓൾറൗണ്ടർ ആശയായിരുന്നു. 2023 ഡബ്ല്യുപിഎൽ മുതൽ ആർസിബിയുടെ ഭാഗമാണ്.
ആശയുടെ പകരക്കാരിയായി വിക്കറ്റ് കീപ്പർ ബാറ്ററായ നുസ്ഹത് പർവീൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനൊപ്പം ചേരും.