ഡൽഹി ധമാക്ക
Sunday, February 16, 2025 12:18 AM IST
വഡോദര: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ മുൻചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപ്പിറ്റൽസിന്റെ ധമാക്ക. 165 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസ് രണ്ടു വിക്കറ്റ് ജയം സ്വന്തമാക്കി.
ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ 33 പന്തിൽ 35 റൺസ് അടിച്ചെടുത്ത് ഡൽഹിയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ച നിക്കി പ്രസാദാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: മുംബൈ ഇന്ത്യൻസ് 164 (19.1), ഡൽഹി ക്യാപ്പിറ്റൽസ് 165/8 (20).
മുംബൈ ഇന്ത്യൻസിനുവേണ്ടി നാറ്റ് സ്കൈവർ ബ്രണ്ടാണ് മുന്നിൽനിന്നു പോരാട്ടം നയിച്ചത്. 59 പന്തിൽ 80 റൺസുമായി സ്കൈവർ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമാൻപ്രീത് കൗറും (22 പന്തിൽ 42) മുംബൈ ഇന്നിംഗ്സിൽ തിളങ്ങി. ഡൽഹിക്കുവേണ്ടി മലയാളി താരം മിന്നു മണി നാല് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. അന്നബെൽ സതർലൻഡ് മൂന്നു വിക്കറ്റ് വീഴ്ത്തി.
ഡൽഹിക്കുവേണ്ടി ഷെഫാലി വർമ (18 പന്തിൽ 43) തകർത്തടിച്ചു തുടങ്ങി. വിക്കറ്റ് തുടരെ നിലംപൊത്തിയതോടെ അങ്കലാപ്പിലായി. എന്നാൽ, അവസാന പന്തിൽ അവർ ജയം സ്വന്തമാക്കി. ഡൽഹിക്കായി സാറ ബ്രൈസും (10 പന്തിൽ 21) തിളങ്ങി. മുംബൈയുടെ മലയാളി താരം എസ്. സജന ഒരു വിക്കറ്റ് നേടി.