വെങ്കല ഷൂട്ട്
Thursday, August 1, 2024 11:33 PM IST
പാരീസ്: പാരീസ് ഒളിന്പിക്സിലെ ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്കു വീണ്ടും മെഡൽ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യക്ക് പാരീസിലെ മൂന്നാം വെങ്കലമെഡൽ സമ്മാനിച്ചത്.
451.4 പോയിന്റുമായി ഇന്ത്യൻ ഷൂട്ടർ ചൈനയുടെ ലിയു യുകുൻ (463.6), യുക്രെയിന്റെ സെർഹി കുലിഷ് (461.3) എന്നിവർക്കു പിന്നിലായി. ഈ ഇനത്തിൽ ഇന്ത്യ ഒളിന്പിക്സിൽ നേടുന്ന ആദ്യത്തെ മെഡലാണ്.
കുസാലെയിലൂടെ ഇന്ത്യക്ക് മൂന്നാമത്തെ മെഡലും മൂന്നാമത്തെ വെങ്കലവും ലഭിച്ചു. മൂന്നും ഷൂട്ടർമാരിലൂടെയാണ്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറുടെ വെങ്കല മെഡലിലൂടെയാണ് ഇന്ത്യ പാരീസിൽ അക്കൗണ്ട് തുറന്നത്. പിന്നീട് മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ മനു-സരബ്ജോത് സിംഗ് സഖ്യവും വെങ്കലം നേടി.
ഒരു ഒളിന്പിക്സ് പതിപ്പിൽ ആദ്യമായാണ് ഇന്ത്യ ഷൂട്ടിംഗിൽ മൂന്നു മെഡൽ നേടുന്നത്. 2012 ലണ്ടൻ ഒളിന്പിക്സിൽ ഗഗൻ നാരംഗ് വെങ്കലവും വിജയ് കുമാർ വെള്ളിയും നേടിയതാണ് ഇതിനു മുന്പുള്ള ഇന്ത്യയുടെ പ്രധാന നേട്ടം.
ഫൈനലിൽ നീലിംഗ് ആൻഡ് പ്രോണ് പൊസിഷനുകളിൽ കുസാലെ 310.1 പോയിന്റുമായി അഞ്ചാമതായിരുന്നു. സ്റ്റാൻഡിംഗ് പൊസിഷൻ എലിമിനേഷൻ റൗണ്ടിൽ ഇന്ത്യൻ ഷൂട്ടർ സ്ഥിരതപുലർത്തി ആദ്യ നാലിൽ തുടർന്നു. അവസാനം വെങ്കലത്തിലുമെത്തി.
ഇരുപത്തിയെട്ടുകാരനായ ഇന്ത്യൻ ഷൂട്ടർ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ പുരുഷ ടീമിൽ അംഗമായിരുന്നു. ഒളിന്പിക്സിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ ഷൂട്ടറാണ് കുസാലെ.
ടിക്കറ്റ് കളക്ടറിൽനിന്ന് ഒളിന്പ്യനിലേക്ക്
മുൻ ഇന്ത്യ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം പോലെയായിരുന്നു കുസാലെയുടെ തുടക്കവും. മഹാരാഷ്ട്രയിലെ കോലാപ്പുരിൽ ജനിച്ച കുസാലെ ധോണിയെപ്പോലെതന്നെ റെയിൽവേ ടിക്കറ്റ് കളക്ടറായിട്ടാണ് ജോലി ആരംഭിച്ചത്. 2012 മുതൽ അന്താരാഷ്ട്ര ഷൂട്ടിംഗ് മത്സരങ്ങളിൽ സജീവമായിരുന്ന ഷൂട്ടർ 12 വർഷത്തിനുശേഷമാണ് ഒളിന്പിക്സിൽ അരങ്ങേറ്റം കുറിച്ചത്.
ധോണിയുടേതിനു സമാനമായിരുന്നു കുസാലെയുടെ പല കാര്യങ്ങളും. ശാന്തതയും ക്ഷമയും ഒരു ഷൂട്ടറിന് അനിവാര്യമാണ്, ആ രണ്ട് സ്വഭാവങ്ങളും ധോണിയുടെ വ്യക്തിത്വത്തിന്റെ മുഖമുദ്രയാണ്.
ധോണിയുടെ ജീവിത കഥ ചലച്ചിത്രമാക്കിയപ്പോൾ അത് നിരവധി തവണ കണ്ട കുസാലെ ഇന്ത്യയുടെ ലോകകപ്പ് ജേതാവിന്റെ നേട്ടങ്ങൾക്കൊപ്പമെത്തിച്ചേരാൻ ശ്രമിക്കുകയായിരുന്നു. 2015 മുതൽ കുസാലെ റെയിൽവേയിൽ ജോലി ചെയ്യുകയാണ്.