ലീഡ് ഉയർത്തി ബാഴ്സ
Thursday, April 24, 2025 12:41 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2024-25 സീസണ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്ത് എഫ്സി ബാഴ്സലോണ. ഹോം മത്സരത്തില്‍ ബാഴ്സ 1-0നു മയ്യോര്‍ക്കയെ കീഴടക്കി. 46-ാം മിനിറ്റില്‍ ഡാനി ഓള്‍മോയുടെ വകയായിരുന്നു ബാഴ്സലോണയുടെ വിജയ ഗോള്‍.
ഇതോടെ 33 മത്സരങ്ങളില്‍നിന്ന് ബാഴ്സയ്ക്ക് 76 പോയിന്റായി. ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ (69) ഏഴ് പോയിന്റ് ലീഡായി ബാഴ്സയ്ക്ക്. റയല്‍ 32 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്. സീസണില്‍ 38 റൗണ്ട് മത്സരങ്ങളുണ്ട്. 44 പോയിന്റുള്ള മയ്യോര്‍ക്ക ഏഴാം സ്ഥാനത്താണ്.
ലീഗില്‍ ബാഴ്സയ്ക്കുവേണ്ടി ഓള്‍മോയുടെ 10-ാം ഗോളാണ്. ഇതോടെ സീസണില്‍ ബാഴ്സയ്ക്കായി 10+ ഗോള്‍ നേടുന്ന അഞ്ചാമനായി ഓള്‍മോ.
ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 1.30ന് റയല്‍ മാഡ്രിഡിന് എതിരായ കോപ്പ ഡെല്‍ റേ ഫൈനലാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.