വെടിക്കെട്ട് അത്ര പോരാ...
Thursday, April 24, 2025 12:41 AM IST
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷന് പാതിദൂരം പിന്നിട്ടു. സണ്‍റൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്നലെ ഏറ്റുമുട്ടിയതോടെ 18-ാം സീസണിലെ 41 മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫൈനല്‍ അടക്കം ഇനിയുള്ളത് 33 മത്സരങ്ങള്‍ മാത്രം.
ഈ സീസണില്‍ ബാറ്റും ബോളും തമ്മിലുള്ള യുദ്ധത്തില്‍ ജയം ബോളിനാണ്. ആദ്യ 40 മത്സരങ്ങള്‍ പിന്നിട്ടപ്പോഴത്തെ കണക്കുകളില്‍ ഇതുവ്യക്തം. 2024 ഐപിഎല്‍ സീസണില്‍ ആദ്യ 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 712 സിക്സ് പിറന്നു. ഇത്തവണ ആദ്യ 40 മത്സരങ്ങളില്‍ 678 സിക്സ് മാത്രം.
ഫോറിന്റെ കാര്യത്തിലും ഈ കുറവുണ്ട്. 2024ല്‍ 1231 ഫോര്‍ ആദ്യ 40 മത്സരത്തില്‍ പിറന്നു. ഇത്തവണ 1203 എണ്ണം മാത്രം. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ 2024ലെ റണ്‍ റേറ്റിനേക്കാള്‍ (9.55) പിന്നിലാണ് 2025 സീസണ് (9.41). ആദ്യ 40 മത്സരങ്ങളില്‍ കഴിഞ്ഞ തവണത്തെ വെടിക്കെട്ടായിരുന്നു ഇത്തവണത്തേതിനേക്കാള് കേമം എന്നു ചുരുക്കം...
റണ്‍ റേറ്റില്‍ ഇടിവ്
ആദ്യ 40 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 2024 സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ റണ്‍ റേറ്റ് ഇടിവ് 0.14 ആണ്. 30 മുതല്‍ 40 വരെയുള്ള മത്സരങ്ങളിലാണ് ഇത്തവണ ഏറ്റവും ഇടിവ് ഉണ്ടായിരിക്കുന്നത്. 30-40 മത്സരങ്ങള്‍ക്കിടയില്‍ റണ്‍ റേറ്റ് 8.7 മാത്രം. 200+ സ്കോര്‍ പിറന്നത് വെറും രണ്ടു തവണയും. 2025 സീസണില്‍ ഇതുവരെ രണ്ടു ഘട്ടത്തില്‍ മാത്രമാണ് (1-9 മത്സരങ്ങള്‍, 20-29 മത്സരങ്ങള്‍) 10നു മുകളില്‍ റണ്‍ റേറ്റ് പിറന്നത്. ആദ്യ ഒമ്പത് മത്സരങ്ങളില്‍ റണ്‍ റേറ്റ് 10ഉം 200+ സ്കോര്‍ ആറുമായിരുന്നു. 20 മുതല്‍ 29 മത്സരങ്ങള്‍ക്കിടയില്‍ റണ്‍ റേറ്റ് 10.1ലേക്ക് ഉയര്‍ന്നു. 200+ സ്കോര്‍ 10 പ്രാവശ്യം കണ്ടു.
2025 സീസണിലെ ആദ്യ 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ടീം റണ്‍ റേറ്റില്‍ ഒന്നാമത് ഗുജറാത്ത് ടൈറ്റന്‍സ് ആണ്, 10.07. മറ്റൊരു ടീമിനും റണ്‍ റേറ്റ് രണ്ടക്കത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് ആദ്യ 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റണ്‍ റേറ്റില്‍ രണ്ടാം സ്ഥാനത്ത് (9.86). ചെന്നൈ സൂപ്പര്‍ കിംഗ്സാണ് (8.10) ഏറ്റവും പിന്നില്‍.
ഡെത്ത് ഓവറില്‍ ധോണി മാത്രം

2024 സീസണിന്റെ ആദ്യ 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡെത്ത് ഓവറില്‍ 100ല്‍ അധികം റണ്‍സ് നേടിയ ആറ് ബാറ്റര്‍മാര്‍ ഉണ്ടായിരുന്നു. അവരുടെ സ്ട്രൈക്ക് റേറ്റ് ശരാശരി 200 ആയിരുന്നു എന്നതും ശ്രദ്ധേയം. എന്നാല്‍, 2025ല്‍ ഒരു ബാറ്റര്‍ മാത്രമാണ് ഡെത്ത് ഓവറില്‍ 100 റണ്‍സ് കടന്നത്, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എം.എസ്. ധോണി. 186.44 സ്ട്രൈക്ക് റേറ്റില്‍ 110 റണ്‍സ്.ധോണി നേടിയ 110 റണ്‍സില്‍ കൂടുതലും ടീം തോല്‍വി ഉറപ്പാക്കിയതിനുശേഷമായിരുന്നു എന്നതും മറ്റൊരു വസ്തുത.
ദിനേഷ് കാര്‍ത്തിക് (151 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 235.93), നിക്കോളാസ് പുരാന് (129 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 179.16), രാഹുല്‍ തെവാട്യ (122 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 187.69), ടിം ഡേവിഡ് (110 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 196.42), ട്രിസ്റ്റണ്‍ സ്റ്റബ്സ് (110 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 297.29), ഹെന് റിച്ച് ക്ലാസന് (107 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 254.76) എന്നിവര്‍ 2024ല്‍ ആദ്യം 40 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡെത്ത് ഓവറുകളില്‍ 100ല്‍ കൂടുതല്‍ റണ്‍സ് നേടിയിരുന്നു.
പിച്ചും പ്രശ്നമാണ്
2024ല്‍ ബംഗളൂരു (10.29), ഡല്‍ഹി (11.48), കോല്‍ക്കത്ത (10.43), വിശാഖപട്ടണം (10.34), ഹൈദരാബാദ് (10.92) എന്നീ വേദികളില്‍ 10നു മുകളില്‍ റണ്‍ റേറ്റ് ഉണ്ടായിരുന്നു. ഇത്തവണ വിശാഖപട്ടണം (10.09), ഹൈദരാബാദ് (11.28), അഹമ്മദാബാദ് (10.17) എന്നിവിടങ്ങളില്‍ മാത്രമാണ് ആദ്യ 40 മത്സരങ്ങളില്‍ 10ല്‍ കൂടുതല്‍ റണ്‍ റേറ്റ് ഉള്ളത്.
ബംഗളൂരുവില്‍ ഇത്തവണ ആറ് ഇന്നിംഗ്സ് നടന്നതില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 170. 2024ല്‍ 40 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് ഇന്നിംഗ്സ് ബംഗളൂരുവില്‍ അരങ്ങേറി. അതില്‍ രണ്ടു പ്രാവശ്യം 250ല്‍ കൂടുതല്‍ റണ്‍സ് പിറന്നു. ബംഗളൂരുവില്‍ 2024ല്‍ 10.29 ആയിരുന്ന റണ്‍ റേറ്റ് ഇത്തവണ 8.48ലേക്ക് പതിച്ചു. ഡല്‍ഹിയിലാണെങ്കില്‍ 11.48ല്‍ നിന്ന് 9.79ലേക്കും.
ഏതായാലും, ഇതുവരെ നടന്നത് സാമ്പിള്‍ മാത്രം, വരാനിരിക്കുന്നതായിരിക്കും യഥാര്‍ഥ വെടിക്കെട്ട് എന്ന പ്രതീക്ഷയിലാണ് ഐപിഎല്‍ ആരാധകര്‍...