ഇമ്രാന്റെ മോചനമാവശ്യപ്പെട്ട് പ്രക്ഷോഭം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Wednesday, November 27, 2024 3:19 AM IST
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ പ്രക്ഷോഭം. പാക്കിസ്ഥാൻ തെഹ്രിക്-ഇ- ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് അർധസൈനികരും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണു കൊല്ലപ്പെട്ടത്. പാക് തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെത്തിയ പ്രതിഷേധക്കാർ ഡി-ചൗക്കിലേക്കു നടത്തിയ റാലി അക്രമാസക്തമായി.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനു പിന്നാലെയാണു സംഘർഷം കൂടുതൽ അക്രമാസക്തമായത്. പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലെറിഞ്ഞു.
പാർലമെന്റ്, പ്രധാനമന്ത്രിയുടെ ഓഫീസ്, സുപ്രീംകോടതി തുടങ്ങിയവ സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയായ ഡി-ചൗക്കിലേക്കുള്ള റോഡിലാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിരിക്കുന്നത്. ഇമ്രാനെ മോചിപ്പിക്കുംവരെ ഇവിടെ തുടരുമെന്നാണു പിടിഐ നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇമ്രാൻ ജയിലിൽനിന്നും പുറത്തുവന്ന് അടുത്ത നടപടി എന്താണെന്നു പറയുംവരെ ഇവിടെനിന്നും മാറില്ലെന്ന് ഇമ്രാന്റെ ഭാര്യ ബുഷേര ബീബി പറഞ്ഞു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ നവംബർ 24ന് ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു.