ബെൽജിയം സമാധാനത്തിന്റെ പാലം: ഫ്രാൻസിസ് മാർപാപ്പ
Saturday, September 28, 2024 1:04 AM IST
വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ പാലങ്ങൾ നിർമിക്കാൻ യൂറോപ്പിനു ബെൽജിയത്തെ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ബെൽജിയം സന്ദർശിക്കുന്ന അദ്ദേഹം അവിടത്തെ സർക്കാർ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു.
ബെൽജിയത്തിന്റെ സാംസ്കാരിക പാരന്പര്യത്തെക്കുറിച്ചും യൂണിവേഴ്സിറ്റികളെക്കുറിച്ചും മെത്രാസന പള്ളികളെക്കുറിച്ചും സംസാരിച്ച മാർപാപ്പ, യൂറോപ്യൻ ജനങ്ങളെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിൽ നയിക്കാൻ ഈ രാജ്യത്തിനാകുമെന്ന് ചൂണ്ടിക്കാട്ടി.
വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടുന്നവരെ സഹായിക്കുന്നതിൽ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ബാലപീഡന വിഷയം പരിഹരിക്കുന്നതിൽ സഭയ്ക്കുള്ള പ്രതിജ്ഞാബദ്ധത മാർപാപ്പ എടുത്തുപറഞ്ഞു. ഇത്തരം സംഭവങ്ങൾ തടയാനുള്ള നടപടികൾ ആഗോളതലത്തിൽ നടപ്പാക്കുമെന്നും മുറിവേറ്റവർക്കൊപ്പം സഭയുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി.
ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ എന്നിവരുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി.
ഇന്ന് മാർപാപ്പ ബെൽജിയത്തിലെ മെത്രാന്മാരുമായും വൈദികരുമായും കൂടിക്കാഴ്ച നടത്തും. നാളെയാണു റോമിലേക്കു മടങ്ങുക.