കെന്നഡി കുടുംബത്തില്‍ ഒരു കാലുമാറ്റം
Friday, August 30, 2024 12:58 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിൽ ഗാന്ധി കുടുംബത്തില്‍നിന്ന് ആരെങ്കിലും ബിജെപിയില്‍ പോകുന്നതുപോലെയാണ് യുഎസിൽ കെന്നഡി കുടുംബത്തില്‍നിന്ന് ആരെങ്കിലും റിപ്പബ്ലിക്കന്‍ പക്ഷത്തു ചേരുന്നത്.
ഒരു നൂറ്റാണ്ടായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്ക്കുന്ന കെന്നഡി കുടുംബം ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ ശക്തിസ്രോതസും ആവേശവുമാണ്. അതിനിടയിലാണ് പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിനു മത്സരിക്കവേ കൊല്ലപ്പെട്ട റോബര്‍ട്ട് എഫ്. കെന്നഡിയുടെ മകന് റോബര്‍ട്ട് കെന്നഡി ജൂണിയര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇതുകൊണ്ട് നേട്ടമുണ്ടാകുമെന്ന് ട്രംപ് ക്യാമ്പ് കരുതുന്നു.
കെന്നഡി കുടുംബത്തിലെ എല്ലാവരെയുംപോലെ റോബര്‍ട്ട് ജൂണിയറും ഡെമോക്രാറ്റിക് പാര്‍ട്ടിയിലാണ് ആദ്യം അഭിരമിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ പ്രൈമറിയില്‍ മത്സരിച്ചു. പത്തുശതമാനത്തിലധികം വോട്ടുനേടി മികച്ച പ്രകടനമാണു കാഴ്ചവച്ചത്.
പ്രായാധിക്യമുള്ള ജോ ബൈഡനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള മത്സരത്തെ ഭയാശങ്കകളോടെ കണ്ട അമേരിക്കക്കാര്‍ക്ക് യുവത്വത്തിന്റെ പ്രസരിപ്പും കെന്നഡി കുടുംബത്തിന്റെ ആവേശകരമായ പാരമ്പര്യവുമുള്ള റോബര്‍ട്ട് ജൂണിയര്‍ പുത്തന്‍ പ്രതീക്ഷയായി. എന്നാല്‍ ബൈഡന് പിന്മാറുകയും കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുകയും ചെയ്തതോടെ കാറ്റ് മാറിവീശി. 59 വയസുള്ള കമല ഹാരിസ് യുവത്വത്തിന്റെ പ്രതീകമായി.
ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെ റോബര്‍ട്ട് ജൂണിയര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തു. അതും ക്ലച്ച് പിടിക്കാതെ വന്നപ്പോഴാണ് മത്സരരംഗത്തുനിന്ന് പിന്മാറി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.
ട്രംപിനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിട്ടുള്ള റോബര്‍ട്ട് ജൂണിയര്‍ അതെല്ലാം വിഴുങ്ങിയും കുടുംബപാരമ്പര്യം വിസ്മരിച്ചുമാണ് യുടേണ്‍ നടത്തിയത്. കെന്നഡി കുടുംബം ഒന്നടങ്കം അദ്ദേഹത്തിനെതിരേ രംഗത്തു വന്നു.
തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, റോബര്‍ട്ട് ജൂണിയറിന്റെ പിതാവ് റോബര്‍ട്ട് എഫ്. കെന്നഡിയുടെ ജ്യേഷ്ഠസഹോദരനാണ്. രണ്ടാം തവണ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി പ്രചാരണം നടത്തുന്നതിനിടയില്‍ 1963ല്‍ ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടു.
അദ്ദേഹവും ഭാര്യ ജാക്വിലിനും അമേരിക്കയുടെ മനംകവര്‍ന്ന ദമ്പതികളാണ്. ശീതയുദ്ധകാലത്ത് അമേരിക്കയെ നയിക്കുകയും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി വിജയകരമായി അതിജീവിക്കുകയും ചെയ്ത ജോണ്‍ എഫ്. കെന്നഡി ഏറ്റവും പ്രശസ്തനായ അമേരിക്കന്‍ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ സഹോദരന് റോബര്‍ട്ട് എഫ്. കെന്നഡിയും ഏറെ പ്രശസ്തന്‍. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് പ്രചാരണം നടത്തുന്നതിനിടയില്‍ 1968ല്‍ അദ്ദേഹവും കൊല്ലപ്പെട്ടു.
രാജ്യത്തിനുവേണ്ടി രണ്ടു പേര് കൊല്ലപ്പെട്ട ഗാന്ധി കുടുംബത്തിനു സമാനമാണ് കെന്നഡി കുടുംബവും. കെന്നഡി കുടുംബത്തിലെ ജോ ജൂണിയര്‍, കാതലിന് എന്നീ സഹോദരങ്ങള്‍ വിമാനാപകടത്തില്‍ മരിച്ച ചരിത്രവുമുണ്ട്. സഞ്ജയ് ഗാന്ധിയും വിമാനാപകടത്തിലാണല്ലോ കൊല്ലപ്പെട്ടത്.
ദുരന്തങ്ങള്‍ വേട്ടയാടിയതിനോടൊപ്പം കെന്നഡി കുടുംബത്തിന് പ്രോജ്വലമായ പാരമ്പര്യവുമുണ്ട്. റോബര്‍ട്ട് കെന്നഡി ജൂണിയര്‍ അതിനൊത്ത് ഉയര്‍ന്നില്ല. നിലപാടുകളില്‍ ചാഞ്ചാടുകയും ധാരാളം അബദ്ധങ്ങളില്‍ ചാടുകയും ചെയ്തിട്ടുണ്ട്.
തന്റെ തലച്ചോറില്‍ ഒരു പുഴുവുണ്ടെന്നും പട്ടിയിറച്ചി തിന്നിട്ടുണ്ടെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പുവേളയില്‍ വീണ്ടും പൊന്തിവന്നു. വിവാദമായപ്പോള്‍ അത് ആട്ടിറച്ചി ആയിരുന്നെന്നു പറഞ്ഞ് തടിതപ്പി. കോവിഡ് വാക്സിനെതിരേയും രംഗത്തു വന്നിരുന്നു. രാഷ്ട്രീയ നിലപാടുകളില്‍ അദ്ദേഹം ഓന്തിനെപ്പോലെ നിറം മാറി. കെന്നഡി കുടുംബത്തിൽനിന്നൊരു കാലുമാറ്റമായി.