ജമാത്ത് ഇ ഇസ്ലാമിയുടെ നിരോധനം നീക്കി
Thursday, August 29, 2024 1:25 AM IST
ധാക്ക: ബംഗ്ലാദേശിലെ പ്രധാന ഇസ്ലാമിക പാർട്ടിയായ ജമാത്ത് ഇ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം ഇടക്കാല സർക്കാർ നീക്കി. ഭീകരവാദ പ്രവർത്തനങ്ങളിൽ പാർട്ടിക്കു പങ്കുണ്ടെന്ന ആരോപണത്തിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്.
വിദ്യാർഥി പ്രക്ഷോഭത്തിൽ രാജിവച്ച് രാജ്യത്തുനിന്നു പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയാണ് ഭീകരവിരുദ്ധ നിയമപ്രകാരം ജമാത്തിനെ നിരോധിച്ചത്. വിദ്യാർഥി പ്രക്ഷോഭത്തിലെ അക്രമങ്ങൾക്കു പിന്നിൽ ജമാത്ത് ആണെന്ന് ആരോപിച്ചായിരുന്നു നടപടി.
ജമാത്തോ, അനുബന്ധ സംഘടനകളോ ഭീകരപ്രവർത്തനം നടത്തിയതിനു തെളിവില്ലെന്ന് ഇടക്കാല സർക്കാർ ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ബംഗ്ലാദേശിലെ മതേതര ഭരണഘടനയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് സുപ്രീംകോടതി 2013ൽ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. രജ്സ്ട്രേഷൻ പുനഃസ്ഥാപിക്കാൻ അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നു ജമാത്തിന്റെ അഭിഭാഷകൻ അറിയിച്ചു.