നയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ
Friday, August 16, 2024 10:42 PM IST
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കാതിരിക്കാനായി അന്താരാഷ്ട്രതലത്തിൽ നയതന്ത്രനീക്കങ്ങൾ ഊർജിതമായി. ഗാസാ വെടിനിർത്തലിനുള്ള ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റെഫാൻ സെഷോർണെയും പശ്ചിമേഷ്യയിലെത്തി.
ഗാസയിലെ ഇസ്രേലി പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 40,000 പിന്നിട്ടതും ഇറാനും ഹിസ്ബുള്ള ഭീകരരും ഇസ്രയേലിനെ ആക്രമിക്കാൻ കോപ്പുകൂട്ടുന്നതുമാണ് ആശങ്കയ്ക്കു കാരണം.
കഴിഞ്ഞമാസം അവസാനം ഹമാസ് മേധാവി ഇസ്മയിൽ ഹനിയ ടെഹ്റാനിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇസ്രയേലിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇറാൻ ആക്രമണം നടത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്ന് ഡേവിഡ് ലാമി പറഞ്ഞു. സമാധാനത്തിനു വൈകിയിട്ടില്ലെന്നും എന്തു വിലകൊടുത്തും സംഘർഷം വ്യാപിക്കുന്നതു തടയണമെന്നും സ്റ്റെഫാൻ സെഷോർണെ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ ഇന്നലെ ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സുമായി ജറൂസലെമിലും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുമായി അധിനിവേശ വെസ്റ്റ്ബാങ്കിലെ രമല്ലയിലും കൂടിക്കാഴ്ച നടത്തി.
ഇതിനിടെ, ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ച വെടിനിർത്തൽ ചർച്ച ഇന്നലെ രണ്ടാം ദിനത്തിലേക്കു കടന്നു. യുഎസ്, ഖത്തർ, ഈജിപ്ത് എന്നിവരുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ഇസ്രേലിപ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്.
ഹമാസ് നേരിട്ടു പങ്കെടുക്കുന്നില്ല. ഇസ്രയേൽ പുതിയ ഡിമാൻഡുകൾ മുന്നോട്ടു വയ്ക്കുന്നതായി ഹമാസ് ആരോപിച്ചു.
ഗാസയിലെ ഇസ്രേലി ആക്രമണത്തിൽ മരണം 40,005 ആയെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. തീവ്രവാദികളുടെയും സിവിലിയന്മാരുടെയും കണക്ക് വെവ്വേറെ നല്കിയിട്ടില്ല.
കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 17,000 വരുമെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയേൽ ഹാഗാരി വ്യാഴാഴ്ച പറഞ്ഞു.