നേപ്പാളിൽ മണ്ണിടിച്ചിൽ: രണ്ടു ബസുകൾ നദിയിൽ വീണു; 65 പേരെ കാണാതായി
Saturday, July 13, 2024 1:56 AM IST
കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടു ബസുകൾ നദിയിൽ പതിച്ച് ഏഴ് ഇന്ത്യക്കാരടക്കം 65 പേരെ കാണാതായി. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്- മുഗ്ലിംഗ് റോഡിൽ ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന 24 പേർ കയറിയ ഏഞ്ചൽ ബസും കാഠ്മണ്ഡുവിൽനിന്ന് ഗൗറിലേക്ക് പോകുകയായിരുന്ന 41 പേർ കയറിയ ഗൺപത് ഡീലക്സ് ബസുമാണ് ദുരന്തത്തിൽപ്പെട്ടത്.
മണ്ണിടിഞ്ഞപ്പോൾ ബസുകൾ ത്രിശൂലി നദിയിലേക്ക് വീഴുകയായിരുന്നു. ഗൺപത് ഡീലക്സ് ബസിൽ യാത്ര ചെയ്തിരുന്ന മൂന്നു പേർ മാത്രമാണു രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ പലരും ബസിന്റെ ജനാലകളിൽനിന്ന് പുറത്തേക്കു തെറിച്ചതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു.
കാണാതായ ഇന്ത്യക്കാരിൽ സന്തോഷ് താക്കൂർ, സുരേന്ദ്ര സാഹ്, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിങ്ങനെ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായ സ്ഥലം.
ദിവസങ്ങളായി മേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിനു കാരണം. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ എല്ലാ സർക്കാർ ഏജൻസികളും സഹകരിക്കാൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, എത്രപേർ ബസുകളിലുണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ലഭ്യമല്ലെന്നും നദി കരകവിഞ്ഞ് ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും അധികൃതർ പറഞ്ഞു.