കുടിയേറ്റക്കാരുടെ ബോട്ടുകൾ മുങ്ങി 11 മരണം
Tuesday, June 18, 2024 10:41 PM IST
റോം: ഇറ്റാലിയൻ തീരത്ത് രണ്ടു കുടിയേറ്റ ബോട്ടുകൾ അപകടത്തിൽപ്പെട്ട് 11 പേർ മരിക്കുകയും 66 പേരെ കാണാതാവുകയും ചെയ്തു.
ലിബിയയിൽനിന്നു പുറപ്പെട്ട കപ്പൽ ഇറ്റലിയിലെ ലാംപഡൂസ ദ്വീപിനു സമീപമുണ്ടായ ആദ്യ അപകടത്തിൽ പത്തു മൃതദേഹങ്ങൾ കണ്ടെത്തിയതായി ജർമൻ ചാരിറ്റി സംഘടന ‘റെസ്ക്യുഷിപ്’ അറിയിച്ചു. 51 പേരെ രക്ഷപ്പെടുത്തി. സിറിയ, ഈജിപ്ത്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നു യൂറോപ്പിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്.
തെക്കൻ ഇറ്റലിയിലെ കലാബ്രിയയ്ക്കു സമീപമുണ്ടായ രണ്ടാമത്തെ അപകടത്തിൽ രക്ഷപ്പെടുത്തിയവരിൽ ഒരാൾ പിന്നീട് മരിക്കുകയായിരുന്നു. 66 പേരെ ഇവിടെ കാണാതായിട്ടുണ്ട്. ഇതിൽ 26 കുട്ടികൾ ഉൾപ്പെടുന്നു.
ചില കുഞ്ഞുങ്ങൾക്ക് മാസങ്ങളുടെ പ്രായമേ ഉള്ളൂ. തുർക്കിയിൽനിന്നു പുറപ്പെട്ട ബോട്ടിൽ അഫ്ഗാൻ പൗരന്മാരടക്കം ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡിനു കൈമാറി.