ഓസ്ട്രേലിയൻ സേനയിൽ വിദേശികളെ എടുക്കുന്നു
Wednesday, June 5, 2024 1:09 AM IST
കാൻബറ: ഓസ്ട്രേലിയൻ പ്രതിരോധസേനയിൽ വിദേശികൾക്കും അവസരം. ആഗോളതലത്തിൽ വർധിച്ചുവരുന്ന ഭീഷണി നേരിടാൻ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തണമെന്നു സർക്കാരിന് ആഗ്രഹമുണ്ടെങ്കിലും സേനയിൽ ചേരാൻ ആളില്ലാത്ത സാഹചര്യത്തിലാണിത്.
അയൽരാജ്യമായ ന്യൂസിലൻഡുകാർക്കാണ് ആദ്യം അവസരം. ഓസ്ട്രേലിയയിൽ സ്ഥിരതാമസത്തിന് അനുമതിയുള്ള ന്യൂസിലൻഡുകാർക്കു ജൂലൈ മുതൽ സേനയിൽ ചേരാം. അടുത്ത വർഷം ബ്രിട്ടൻ, യുഎസ്, കാനഡ പൗരന്മാർക്കും അവസരമുണ്ടാകും.
സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഇത്തരമൊരു നടപടി അനിവാര്യമെന്നാണു പ്രതിരോധമന്ത്രി റിച്ചാർഡ് മാൾസ് വിശദീകരിച്ചത്.
സൈന്യത്തിൽ ചേരാൻ താത്പര്യമുള്ളവർക്കു പ്രവേശന മാനദണ്ഡങ്ങൾ ബാധകമായിരിക്കും. ഒരു വർഷം ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായിരിക്കണം, മുന്‍പത്തെ രണ്ടു വർഷങ്ങളിൽ വിദേശ സൈന്യത്തിൽ അംഗമായിരിക്കരുത്, ഓസ്ട്രേലിയൻ പൗരത്വത്തിനു യോഗ്യത ഉണ്ടായിരിക്കണം തുടങ്ങിയ മാദണ്ഡങ്ങളും പാലിക്കണം.
സൈനികതലത്തിൽ വെല്ലുവിളിയായി വളരുന്ന ചൈന നേരിടാനുള്ള വിവിധ സഖ്യങ്ങളിൽ ഓസ്ട്രേലിയ അംഗമാണ്.