വളർത്തുനായയുടെ ആക്രമണത്തിൽ ആറാഴ്ച പ്രായമുള്ള ശിശു മരിച്ചു
Sunday, June 2, 2024 1:16 AM IST
വാഷിംഗ്ടൺ ഡിസി: തൊട്ടിലിൽ കിടന്ന ശിശു വളർത്തുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കയിലെ ടെന്നസിയിലാണു സംഭവം. ഷോൾ- മാർക്ക് മൻസൂർ ദന്പതികളുടെ ആദ്യ കുഞ്ഞായ എസ്രാ മൻസൂർ ആണ് മരിച്ചത്.
ആറാഴ്ച പ്രായമേ കുഞ്ഞിനുള്ളൂ. ആറു ദിവസം ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ജീവനായി മല്ലടിച്ച കുഞ്ഞ് വ്യാഴാഴ്ചയാണു മരിച്ചത്.
ദന്പതികൾ എട്ടു വർഷമായി വളർത്തുന്ന ഹസ്കി ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. കുഞ്ഞിന്റെ തലച്ചോറിന് ഗുരുതര പരിക്കേറ്റു. നായയ്ക്ക് ആക്രമണസ്വഭാവം ഇല്ലായിരുന്നുവെന്നാണ് ദന്പതികൾ പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.