ഗാസയുടെ ഭാവി: പദ്ധതിയില്ലെങ്കിൽ രാജിയെന്ന് മന്ത്രി
Monday, May 20, 2024 12:52 AM IST
ടെൽ അവീവ്: ഗാസയുടെ ഭാവിയെച്ചൊല്ലി ഇസ്രേലി നേതൃത്വത്തിൽ ഭിന്നത രൂക്ഷമായി. യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതി പ്രധാനമന്ത്രി നെതന്യാഹു തയാറാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്നു യുദ്ധകാല മന്ത്രിസഭാംഗവുമായ ബെന്നി ഗാന്റ്സ് ഭീഷണി മുഴക്കി. ജൂൺ എട്ടിനകം നടപടി വേണമെന്നാണ് ഗാന്റ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ ബന്ദികളെയും മോചിപ്പിക്കണം, ഗാസയിൽ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണം, ഗാസയുടെ ഭരണം അന്താരാഷ്ട്ര സമിതിക്കു കൈമാറണം, വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്ത പലസ്തീനികളെ തിരികെയെത്തിക്കണം തുടങ്ങിയ ആവശ്യങ്ങളും ഗാന്റ്സ് ഉന്നയിച്ചിട്ടുണ്ട്.
യുദ്ധം കഴിഞ്ഞാൻ ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രയേലിനു താത്പര്യമില്ലെന്ന് നെതന്യാഹു പരസ്യമായി പ്രഖ്യാപിക്കണമെന്ന് മറ്റൊരു യുദ്ധകാല മന്ത്രിസഭാംഗവും പ്രതിരോധ മന്ത്രിയുമായ യൊവാവ് ഗാലന്റ് ഏതാനും ദിവസം മുന്പ് ആവശ്യപ്പെട്ടിരുന്നു. മാസങ്ങളായി ഇക്കാര്യം താൻ ഉന്നയിക്കുന്നുണ്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഗാലന്റ് കൂട്ടിച്ചേർത്തു.
ബന്ദികളുടെ മോചനവും ഹമാസിന്റെ ഉന്മൂലനവും ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്ന നെതന്യാഹു ഇപ്പോഴത്തെ സാഹചര്യത്തിൽ കടുത്ത സമ്മർദം നേരിടുന്നതായിട്ടാണു റിപ്പോർട്ട്. അദ്ദേഹത്തിന്റെ സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷ പാർട്ടികൾ യുദ്ധാനന്തര ഗാസ ഇസ്രയേലിന്റെ നിയന്ത്രണത്തിലായിരിക്കണം എന്ന നിലപാടിലാണ്.
എന്നാൽ, ഗാസയുടെ നിയന്ത്രണം ഇസ്രേലി സേന ഏറ്റെടുത്താൽ സുരക്ഷാ ഭീഷണി വർധിക്കുമെന്നാണ് ബെന്നി ഗാന്റ്സിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ഭീഷണി ഫലപ്രദമായി നേരിടാനായി ഇസ്രേലി സർക്കാർ സൗദിയുമായി ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഗാന്റ്സ് പറയുന്നു.
ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ പറ്റുന്നതാണോയെന്നും ഇസ്രേലി നേതൃത്വത്തിലെ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. നേരത്തേ ഹമാസിനെ തുരത്തിയ ജബലിയയിൽ വീണ്ടും ഓപ്പറേഷൻ ആരംഭിക്കേണ്ടിവന്നത് ഇവർ ചൂണ്ടിക്കാട്ടുന്നു. ഹമാസ് വീണ്ടും ഇവിടെ സംഘടിച്ച പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ. അതേസമയം, ഗാന്റ്സിന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിനെ പരാജയത്തിലേക്കു നയിക്കുമെന്ന് നെതന്യാഹു പ്രതികരിച്ചു.