വീണ്ടും ബഹിരാകാശ യാത്രയ്ക്ക് സുനിതാ വില്യംസ്
Tuesday, May 7, 2024 1:14 AM IST
ന്യൂയോർക്ക്: ബഹിരാകാശ യാത്രയ്ക്ക് വീണ്ടും തയാറെടുത്ത് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്.
മൂന്നാം ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന സുനിത ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹന പരിശീലനയാത്രയുടെ ഭാഗമാകും. ഇന്ന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽനിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം.
ബുച്ച് വിൽമോർ എന്ന ബഹിരാകാശ യാത്രികനും സുനിതയ്ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം. ഇതുവരെയായി സുനിതാ വില്യംസ് 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂൺ 22 വരെ അവർ അവിടെക്കഴിഞ്ഞു.
അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റിക്കാർഡിട്ടു. 2012-ൽ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽപ്പോയ അവർ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതിയും സുനിതയുടെ പേരിലാണ്.