ചൈനയ്ക്കുവേണ്ടി ചാരവൃത്തി; ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ
Tuesday, April 23, 2024 3:52 AM IST
ബെർലിൻ: ചൈനയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ. ഫ്രാങ്ക്ഫർട്ടിനു സമീപം ഡസൽഡോർഫിലും ബാഡ് ഹോംബർഗിലുംമായാണു പ്രതികൾ അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു.
സൈനിക സാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയെന്നാരോപിച്ചാണ് അറസ്റ്റ്. പ്രതികൾ മൂന്നു പേരും ജർമൻ പൗരന്മാരാണ്. ഇതിൽ തോമസ് ആർ. എന്നയാൾ ചൈന സുരക്ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുവേണ്ടി സൈനിക ആവശ്യത്തിനുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചതായി ഫെഡറൽ പ്രോസിക്യൂട്ടർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനായി ഇയാൾ ഹെർവിംഗ് എഫ്. ഇനാ എഫ് ദമ്പതികളെ ഗവേഷകരുമായി ബന്ധപ്പെടാൻ നിയോഗിച്ചതായും പറയുന്നു. ഇവർ ഒരു അജ്ഞാത ജർമൻകമ്പനിയുമായി ഗവേഷണവിവര കൈമാറ്റക്കരാർ ഉണ്ടാക്കി.
ഇതിന്റെ ആദ്യഘട്ടം യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള കപ്പൽ എൻജിനുകൾക്ക് ഉപയോഗിക്കാവുന്ന യന്ത്രഭാഗങ്ങളുടെ സാങ്കേതികവിദ്യയെക്കുറിച്ചു പഠനം നടത്തുക എന്നതായിരുന്നു. പ്രോജക്ടിന് ധനസഹായം നൽകിയത് ചൈനീസ് ഭരണകൂടമാണെന്നു പ്രോസിക്യൂട്ടർ പറഞ്ഞു.