ട്രെയിനുകൾ കൂട്ടിയിടിച്ചു; ചൈനയിൽ നൂറു പേരുടെ എല്ലൊടിഞ്ഞു
Saturday, December 16, 2023 12:48 AM IST
ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ രണ്ടു മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് അഞ്ഞൂറിലധികം പേർക്കു പരിക്കേറ്റു. ഇതിൽ 102 പേരുടെ എല്ലൊടിഞ്ഞുവെന്നാണു റിപ്പോർട്ടുകൾ.
ഭൂഗർഭ ട്രാക്കിൽ വ്യാഴാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഒരു ട്രെയിനിനു പിന്നിൽ മറ്റൊന്ന് ഇടിക്കുകയായിരുന്നു. ഒരു ട്രെയിനിന്റെ രണ്ടു വലിയ ബോഗികൾ വിച്ഛേദിക്കപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച മൂലം ട്രാക്ക് വഴുതിയതും തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായതുമാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.
ചികിത്സ തേടിയവരിൽ ഒട്ടുമുക്കാലും ഇന്നലെ രാവിലെ ആശുപത്രിവിട്ടു. സംഭവത്തിൽ ക്ഷമ ചോദിച്ച ബെയ്ജിംഗ് സബ്വേ വകുപ്പ് ചികിത്സചെലവ് വഹിക്കുമെന്നറിയിച്ചു.