"ഒഴിവാക്കിയവരുടെ പേരുകൾ പ്രസിദ്ധീകരിക്കണം'; ബിഹാർ വോട്ടർപട്ടികയിൽ സുപ്രീംകോടതി
Friday, August 15, 2025 1:34 AM IST
സനു സിറിയക്
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽനിന്നു പുറത്തായവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷനോടു നിർദേശിച്ച് സുപ്രീംകോടതി.
കരട് പട്ടികയിൽനിന്ന് ഒഴിവാക്കിയതിന്റെ കാരണവും വ്യക്തമാക്കണമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. യോഗ്യത തെളിയിക്കാൻ കോടതി നിർദേശിച്ച 11 രേഖകൾക്കൊപ്പം ആധാർ കാർഡ് ഉൾപ്പെടുത്താനും കോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
ഓരോ ജില്ലയിലും വെട്ടിമാറ്റിയ വോട്ടർമാരുടെ പേരുകൾ ബിഹാർ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിനു പുറമെ അതത് ജില്ലകളിലെ ജില്ലാ ഇലക്ടറൽ ഓഫീസർമാരുടെ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. എപിക് നന്പറുകൾ പ്രകാരം പരിശോധിക്കാൻ കഴിയുന്ന തരത്തിലായിരിക്കണമിത്. കൂടാതെ വോട്ടുകൾ വെട്ടിമാറ്റിയവരുടെ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലുള്ള പട്ടികകൾ അതത് ഓഫീസുകളിൽ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.
അന്തിമപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആരെങ്കിലും അവകാശവാദം ഉന്നയിച്ചാൽ അവർക്ക് ആധാർ കാർഡുകൾ ഉപയോഗിച്ചു യോഗ്യത തെളിയിക്കാം. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കാര്യത്തിന് പത്രങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ വ്യാപക പ്രചാരണം നൽകണമെന്നും കോടതി നിർദേശിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകളിൽ ആധാർ ഉൾപ്പെടുത്തിയതിനും വ്യാപക പ്രചാരണം നൽകണം. ഈ മാസം 19നകം ഈ നടപടികളെല്ലാം സ്വീകരിക്കണമെന്നും സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു.
ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തിയാൽ കമ്മീഷനു മേലുള്ള വോട്ടർമാരുടെ വിശ്വാസ്യത വർധിക്കും. കോടതി ആവശ്യപ്പെട്ട പട്ടിക ബൂത്ത് ലെവൽ ഏജന്റുമാരുമായി പങ്കുവച്ചിട്ടുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യമറിയാൻ ജനങ്ങളെ രാഷ്ട്രീയക്കാരുടെ പിന്നാലെ വിടുന്നത് എന്തിനാണെന്നും സ്വന്തമായുള്ള സംവിധാനത്തിലൂടെ അതു നിർവഹിച്ചുകൂടേയെന്നുമായിരുന്നു കോടതിയുടെ മറുപടി. പട്ടികയിൽനിന്ന് ഒരാൾ ഒഴിവായാൽ അത് എന്തുകൊണ്ടെന്ന് അറിയാൻ അയാൾക്കു സാധിക്കണമെന്നും കോടതി പറഞ്ഞു.
ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നടപ്പാക്കിയ വോട്ടർപട്ടിക പരിഷ്കരണത്തിന് എതിരേയുള്ള ഒരുകൂട്ടം ഹർജികളാണു സുപ്രീംകോടതി പരിഗണിക്കുന്നത്. വോട്ടർപട്ടികയിൽനിന്ന് കൂട്ട ഒഴിവാക്കലുകൾ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ മൂന്നു ദിവസമായി നടന്ന വാദത്തിൽ ആദ്യ രണ്ടു ദിവസം ഹർജിക്കാരുടെയും ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദവുമാണ് കോടതി കേട്ടത്. ആദ്യ രണ്ടു ദിവസത്തെ വാദത്തിനിടയിൽ തെരഞ്ഞെടുപ്പു കമ്മീഷന് അനുകൂലമെന്നു തോന്നിക്കുന്ന പല നിരീക്ഷണങ്ങളും കോടതിയിൽനിന്നുണ്ടായി. എന്നാൽ, ഹർജിക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ഇടക്കാല ഉത്തരവാണ് കോടതിയിൽനിന്ന് ഇന്നലെയുണ്ടായത്. ഈ മാസം 22ന് കേസിൽ കൂടുതൽ വാദം തുടരും.