ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ ഇടംപിടിക്കും: രാഷ്ട്രപതി
Friday, August 15, 2025 1:22 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ മുതൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വരെയുള്ള രാജ്യത്തിന്റെ നേട്ടങ്ങൾ പരാമർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം.
79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പാതയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെയും ചെസ് അടക്കമുള്ള കായികരംഗത്തെയും ഡിജിറ്റൽ മുന്നേറ്റത്തെയും അഭിനന്ദിച്ചു.
സ്വാതന്ത്യദിനത്തലേന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളെ കൊലപ്പെടുത്തിയതിനെ "ഭീരുത്വവും മനുഷ്യത്വരഹിതവുമായ’ നടപടിയെന്നാണു രാഷ്ട്രപതി വിശേഷിപ്പിച്ചത്.
ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി ഇന്ത്യയുടെ സായുധസേന ദൃഢനിശ്ചയത്തോടെ അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദകേന്ദ്രങ്ങൾ നശിപ്പിച്ചെന്നും ഓർമിപ്പിച്ചു.
1947ലെ ഇന്ത്യാ വിഭജനത്തിലെ ഇരകൾക്ക് ആദരാഞ്ജലികളർപ്പിച്ച് വിഭജനഭീതിയുടെ ഓർമദിനവും രാഷ്ട്രപതി ആചരിച്ചു. വിഭജനം കാരണം ഭയാനകമായ അക്രമങ്ങൾ നടന്നുവെന്നും ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർബന്ധിതരാക്കിയെന്നും ചരിത്രത്തിലെ പിഴവുകൾക്ക് ഇരയായവർക്ക് ഇന്നു നമ്മൾ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
ചെസിൽ രാജ്യത്തിന്റെ സമീപകാലനേട്ടങ്ങൾ പരാമർശിച്ചു കായികരംഗത്തെ പ്രകീർത്തിച്ച രാഷ്ട്രപതി, കാഷ്മീർ താഴ്വരയുമായി റെയിൽവേ ബന്ധം സാധ്യമാക്കിയതിനെ അഭിനന്ദിച്ചു. പഠനത്തെ മൂല്യങ്ങളുമായി യോജിപ്പിച്ചതിന് ദേശീയ വിദ്യാഭ്യാസനയത്തെ പ്രശംസിച്ച രാഷ്ട്രപതി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ യാത്രയെ ഒരു തലമുറയെ മുഴുവൻ വലിയ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുവെന്നാണു വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ 6.5 ശതമാനം ജിഡിപി വളർച്ചാനിരക്ക്, നിയന്ത്രിത പണപ്പെരുപ്പനിരക്ക്, വർധിച്ചുവരുന്ന കയറ്റുമതി എന്നിവ എടുത്തുപറഞ്ഞ രാഷ്ട്രപതി എല്ലാ പ്രധാന സൂചകങ്ങളും ഇന്ത്യൻ സന്പദ് വ്യവസ്ഥ മികച്ച നിലയിലാണെന്ന് ചൂണ്ടിക്കാട്ടുന്നുവെന്നും രാജ്യം 2047ഓടെ വികസിതരാജ്യമാകുമെന്നും വ്യക്തമാക്കി.