"വോട്ട് കൊള്ള’ പ്രയോഗത്തിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ
Friday, August 15, 2025 1:20 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നതിനായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉപയോഗിച്ച "വോട്ട് കൊള്ള’ പ്രയോഗത്തിനെതിരേ വിമർശനവുമായി തെരഞ്ഞെടുപ്പു കമ്മീഷൻ.
ഇത്തരം ഹീനമായ പ്രയോഗങ്ങൾ ലക്ഷക്കണക്കിനു പോളിംഗ് ഉദ്യോഗസ്ഥരുടെ സത്യസന്ധതയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇത്തരം ആരോപണങ്ങൾക്കു തെളിവുകളുടെ പിൻബലമുണ്ടാകണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. രാഹുൽ ഉയർത്തിക്കാട്ടുന്ന "ഒരാൾക്ക് ഒരു വോട്ട്’എന്ന മുദ്രാവാക്യം 1951-52ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽതന്നെ നിയമമമായി നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതികരിച്ചു.
വോട്ടിംഗിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് സത്യവാങ്മൂലം നൽകണമെന്ന നിലപാട് കമ്മീഷൻ വീണ്ടും ആവർത്തിച്ചു.
രാജ്യത്തെ എല്ലാ വോട്ടർമാരെയും കള്ളന്മാരായി ചിത്രീകരിക്കുന്നതിനു പകരം ഒരാൾ രണ്ടു വോട്ട് രേഖപ്പെടുത്തിയതിനു തെളിവുണ്ടെങ്കിൽ എഴുത്തുരൂപത്തിലുള്ള സത്യവാങ്മൂലം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. "വോട്ടുകൊള്ള’ആരോപണം ശക്തിപ്പെടുത്തി കോണ്‍ഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കു തുടക്കമിടാനിരിക്കെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസ്താവന പുറപ്പെടുവിച്ചത്.
വോട്ടർപട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനുപിന്നാലെ രാഹുലിനോടു സത്യവാങ്മൂലം നൽകാൻ തെരഞ്ഞെടുപ്പു കമ്മീഷൻ പലതവണയായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടാൻ തങ്ങൾ ഉപയോഗിച്ച വിവരം തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽനിന്നുതന്നെയായതിനാൽ സത്യവാങ്മൂലം നൽകേണ്ടതില്ലെന്നാണു കോണ്‍ഗ്രസിന്റെ നിലപാട്.