തമിഴ്നാട് ഗവർണറെ ഒഴിവാക്കി, വിസിയിൽനിന്നു ബിരുദം സ്വീകരിച്ച് വിദ്യാർഥിനി
Thursday, August 14, 2025 3:50 AM IST
ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ ഒഴിവാക്കി വൈസ് ചാൻസലറിൽനിന്നു ബിരുദം സ്വീകരിച്ച് വിദ്യാർഥിനി. തിരുനെൽവേലി മനോന്മണീയം സുന്ദരനാർ സർവകലാശാലയുടെ (എംഎസ്യു) ബിരുദദാന ചടങ്ങിനിടെയായിരുന്നു വേറിട്ട പ്രതിഷേധം.
ഗവേഷക വിദ്യാർഥിനി ജീൻ ജോസഫാണ് ഗവർണണറിൽനിന്നു ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ചത്. എല്ലാ വിദ്യാർഥികളും ഗവർണറിൽനിന്നു ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ചപ്പോൾ ജീൻ ജോസഫ് വേദിയിലുണ്ടായിരുന്ന വൈസ് ചാൻസലറിൽനിന്നാണ് തന്റെ ഡോക്ടറേറ്റ് സ്വീകരിച്ചത്.
ഗവർണറുടെ തൊട്ടടുത്ത് തന്നെയായിരുന്നു വൈസ് ചാൻസലറും നിന്നിരുന്നത്. ഡിഎംകെ നാഗർകോവിൽ ഡെപ്യൂട്ടി സെക്രട്ടറി എം. രാജന്റെ ഭാര്യയാണ് ജീൻ ജോസഫ്. ഗവർണർ തമിഴിനും തമിഴ്നാടിനും എതിരായതിനാലാണ് താൻ വൈസ് ചാൻസലറിൽനിന്നു ബിരുദം സ്വീകരിച്ചതെന്ന് ജീൻ ജോസഫ് പിന്നീട് പറഞ്ഞു.