വാതുവയ്പ് ആപ്പ്: സുരേഷ് റെയ്നയെ ഇഡി ചോദ്യംചെയ്തു
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: നിയമവിരുദ്ധ ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെൻട്രൽ ഡൽഹിയിലെ ഇഡി ഓഫീസിൽ ഇന്നലെ രാവിലെ 11ഓടെയാണ് റെയ്ന ചോദ്യംചെയ്യലിന് ഹാജരായത്.
1xBet എന്ന ആപ്പുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താരത്തിന്റെ മൊഴി രേഖപ്പെടുത്തിയതായി അന്വേഷണ ഏജൻസി അറിയിച്ചു. ഈ അന്വേഷണത്തിന്റെ ഭാഗമായി ഏജൻസി അടുത്തിടെ ഗൂഗിളിന്റെയും മെറ്റയുടെയും പ്രതിനിധികളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു.
അന്വേഷണ ഏജൻസികളുടെ കണക്കുകൾ പ്രകാരം, വിവിധ ഓൺലൈൻ വാതുവയ്പ് ആപ്പുകളിലായി ഏകദേശം 22 കോടി ഇന്ത്യൻ ഉപയോക്താക്കളാണുള്ളത്. അതിൽ പകുതിപ്പേരും (ഏകദേശം 11 കോടി) സ്ഥിരമായി കളിക്കുന്നവരാണ്.
ഇന്ത്യയിലെ ഓൺലൈൻ വാതുവയ്പ് ആപ്പ് വിപണി 87 ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്കാക്കുന്നത്. ഇത് 30 ശതമാനം എന്ന നിരക്കിൽ വളരുകയാണെന്ന് വിദഗ്ധർ പറയുന്നു.