ഡൽഹി തെരുവുനായ് വിഷയം; വിശാല ബെഞ്ച് വിധി പറയാൻ മാറ്റി
Friday, August 15, 2025 12:35 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തുനിന്ന് തെരുവുനായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതിയുടെ സമീപകാല ഉത്തരവിനെതിരായ ഹർജിയിൽ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് ഉത്തരവ് പറയാൻ മാറ്റി.
ഡൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ ഈ മാസം 11നാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് കർശനനിർദേശം പുറപ്പെടുവിച്ചത്. എന്നാൽ വിഷയം ചീഫ് ജസ്റ്റീസ് മുന്പാകെ അഭിഭാഷക പരാമർശിച്ചതിനെത്തുടർന്ന് വിശാല ബെഞ്ചിലേക്കു മാറ്റുകയായിരുന്നു.
മാംസം കഴിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുന്ന ആളുകൾ പിന്നീട് മൃഗസ്നേഹികളായി അവകാശപ്പെടുന്നത് താൻ കാണാറുണ്ടെന്നാണു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹി സർക്കാരിനുവേണ്ടി വാദം ആരംഭിച്ചുകൊണ്ട് കോടതിയിൽ പറഞ്ഞത്.
നായ്ക്കളുടെ കടിയേറ്റ് കുട്ടികൾക്കു പേവിഷബാധയേൽക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വന്ധ്യംകരണം റാബിസിനെ തടയില്ല. നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പുകൾ നൽകിയാലും അവയുടെ ആക്രമണംമൂലം പരിക്കുകൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം എല്ലാവർഷവും ഏകദേശം 20,000 റാബിസ് മരണങ്ങൾ സംഭവിക്കുന്നുണ്ട്. നായ്ക്കളെ കൊല്ലാൻ ആവശ്യപ്പെടുന്നില്ല. എന്നാൽ അവയെ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ നിയമം കൃത്യമായി പാലിക്കാത്തതും ഉദ്യോഗസ്ഥർ ജോലി ചെയ്യാത്തതുമാണ് പ്രശ്നം വഷളാകാൻ കാരണമെന്ന് എതിർഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. വർഷങ്ങളായി ഉദ്യോഗസ്ഥർ എന്താണു ചെയ്യുന്നത്. അവർ ഷെൽട്ടർ ഹോമുകൾ നിർമിച്ചിട്ടുണ്ടോ.
കൃത്യമായ വന്ധ്യംകരണം നടത്താത്തതിനാൽ നായ്ക്കളുടെ എണ്ണം വർധിച്ചു. ഉടമസ്ഥരില്ലാത്തതിനാൽ തെരുനായ്ക്കളെ സമൂഹം പരിപാലിക്കുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ആറോളം മുൻ ഉത്തരവുംകൾ അവഗണിച്ചാണു കഴിഞ്ഞ 11 ലെ ഉത്തരവെന്ന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ചൂണ്ടിക്കാട്ടി.
തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ വ്യാപക പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിരുന്നു. മൃഗസ്നേഹികളുടെ നിരവധി സംഘടനകൾ വിശാലബെഞ്ചിന്റെ ഇടപെടൽ ആവശ്യപ്പെട്ടു കോടതിയിൽ അവരുടെ വാദങ്ങൾ നിരത്തി.
അതേസമയം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റുന്നതിനുള്ള നടപടി അധികൃതർ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 700 ഓളം നായ്ക്കളെയാണ് ഷെൽട്ടർഹോമുകളിലേക്കു നീക്കിയത്.