പാലിയേക്കര ടോൾ: ദേശീയപാതാ അഥോറിറ്റിയുടെ ഹർജിയിൽ സുപ്രീംകോടതി ""ഹർജി നൽകി സമയം കളയാതെ റോഡ് നന്നാക്കൂ''
Friday, August 15, 2025 1:20 AM IST
ന്യൂഡൽഹി: പാലിയേക്കരയിൽ നാലാഴ്ചത്തേക്കു ടോൾ പിരിവ് നിരോധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ ദേശീയപാത അഥോറിറ്റി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
റോഡിന്റെ മോശം അവസ്ഥ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും ഇത്രയും മോശമായ റോഡിൽ എങ്ങനെ ടോൾ പിരിക്കാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
ആംബുലൻസിനുപോലും കടന്നുപോകാൻ കഴിയാത്ത സാഹചര്യമുണ്ട്. എസ്കോർട്ട് അകന്പടി ഉണ്ടായിട്ടും താൻ ഒരിക്കൽ പാലിയേക്കര ടോൾ പ്ലാസയിൽ കുടുങ്ങിയതായും ചീഫ് ജസ്റ്റീസ് പറഞ്ഞു. ടോൾ പിരിവ് മാത്രമല്ല അതിനുതുല്യമായ സേവനം യാത്രക്കാർക്കു നൽകണമെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി നാലാഴ്ചത്തെ ടോൾപിരിവ് മാത്രമാണു തടഞ്ഞത്. അപ്പീൽ ഫയൽ ചെയ്ത് വെറുതെ സമയം പാഴാക്കാതെ എന്തെങ്കിലും ചെയ്യാനും കോടതി ദേശീയപാത അഥോറിറ്റിയോടു നിർദേശിച്ചു.
ദേശീയപാതാ അഥോറിറ്റി പറയുന്ന ജംഗ്ഷനുകൾ മുരിങ്ങൂർ, ആന്പല്ലൂർ, പേരാന്പ്ര, കൊരട്ടി, ചിറങ്ങര തുടങ്ങിയ കവലകൾ ടോൾ ബൂത്തിൽനിന്നും വളരെ അകലെയാണെന്ന് ജസ്റ്റീസ് വിനോദ് ചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്ക് കാരണം ഭാര്യാപിതാവിന്റെ മൃതസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് ഒരാൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചുള്ള വാർത്തയും ജസ്റ്റീസ് വിനോദ് ചന്ദ്രൻ പരാമർശിച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതൽ ഹൈക്കോടതി ഈ പ്രശ്നം ഉന്നയിക്കുന്നുണ്ട്. അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണു ഹൈക്കോടതി ടോൾപിരിവ് തടഞ്ഞതെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. കേസിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.