ഡൽഹിയിലെ തെരുവുനായ വിഷയം; വിധി പരിശോധിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: എട്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലെ എല്ലാ മേഖലയിൽനിന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ കഴിഞ്ഞദിവസത്തെ ഉത്തരവ് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്.
യാഥാർഥ്യം മനസിലാക്കാതെയുള്ള ഉത്തരവാണു കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു ചൂണ്ടിക്കാട്ടി അഭിഭാഷക നനിത ശർമയാണു ചീഫ് ജസ്റ്റീസിനു മുന്നിൽ വിഷയം അവതരിപ്പിച്ചത്.
ഫണ്ട് ലഭിച്ചിട്ടും തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും ഫണ്ട് ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും വന്ധ്യംകരണം നടത്തുന്നതിനുമുള്ള മുൻ നിർദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ പുതിയ ഉത്തരവ് ആവശ്യമില്ലായിരുന്നുവെന്നും ഹർജിക്കാരി വാദിച്ചു.
സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഷെൽട്ടർ ഹോമുകളുടെ നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും നനിത ശർമ കോടതിയെ അറിയിച്ചു.
നായ്ക്കളെ വിവേചനരഹിതമായി കൊല്ലാൻ പാടില്ലെന്നും എല്ലാ ജീവജാലങ്ങളോടും അനുകന്പാപൂർവം പെരുമാറണമെന്നുമുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവ് ചൂണ്ടിക്കാട്ടിയാണു അഭിഭാഷക തന്റെ ഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയത്.