ഡൽഹിയിൽ കൂറ്റൻ മരം കടപുഴകി ബൈക്കിനു മുകളിൽ വീണ് ഒരാൾ മരിച്ചു
Friday, August 15, 2025 12:35 AM IST
ന്യൂഡൽഹി: കനത്ത മഴയെത്തുടർന്ന് ഡൽഹിയിൽ കൂറ്റൻ മരം കടപുഴകി ബൈക്കിനു മുകളിൽ വീണ് ഒരാൾ മരിച്ചു.
ഡൽഹി കൽക്കാജിയിൽ മകളോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുധീർ കുമാറാണു (50) റോഡരികിലുണ്ടായിരുന്ന പഴയ വേപ്പുമരം കടപുഴകി വീണതിനെത്തുടർന്നു മരിച്ചത്. മകൾ പ്രിയ (22)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ മുതൽ കനത്ത മഴ പെയ്തിരുന്ന ഡൽഹിയിൽ രാവിലെ 9. 50ഓടെയാണു സംഭവമുണ്ടായത്. സിസിടിവി ഫൂട്ടേജിൽനിന്നു ലഭിക്കുന്ന വിവരമനുസരിച്ച് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്പോൾ കൂറ്റൻ വേപ്പുമരം വേരോടെ കടപുഴകി വാഹനങ്ങൾക്കുമേൽ വീഴുകയായിരുന്നു.
മരത്തിനടിയിൽ കുടുങ്ങിയ ഒരു കാർ സെക്കൻഡുകൾക്കുശേഷം നിലംപതിച്ച മരത്തിനു കീഴിൽനിന്ന് പുറത്തുകടന്നെങ്കിലും ബൈക്ക് യാത്രികർ പുറത്തുവരാൻ കഴിയാതെ മരത്തിനടിയിൽ കുടുങ്ങുകയായിരുന്നു. പിന്നീട് പോലീസെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് ഇരുവരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടസമയത്ത് അടുത്തുണ്ടായിരുന്ന പല വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കൂറ്റൻ മരം ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചു നീക്കി റോഡിലെ ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.