"വേദനാജനകമായ പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
Friday, August 15, 2025 1:20 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യക്കെതിരേയുള്ള പാക്കിസ്ഥാന്റെ ഏത് അബദ്ധവും "വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കു'മെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടന്പടിയിൽ പ്രഖ്യാപനങ്ങൾ നടത്താൻ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിക്കു നിയമപരമായ ഒരധികാരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ നേതൃത്വത്തിൽനിന്ന് അശ്രദ്ധവും യുദ്ധക്കൊതിയുമുള്ള വിദ്വേഷ പരാമർശങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ കണ്ടു. സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാൻ ഇന്ത്യാവിരുദ്ധ വാചകക്കസർത്തുകൾ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാൻ നേതൃത്വത്തിന്റെ അറിയപ്പെടുന്ന രീതിയാണ്.
അടുത്തിടെ തെളിയിക്കപ്പെട്ടതുപോലെ ഏതൊരു ദുഷ്കൃത്യത്തിനും വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. അതിനാൽ, പാക്കിസ്ഥാന്റെ വാചാടോപം കുറയ്ക്കുന്നതാണ് നല്ലത്- സ്വാതന്ത്ര്യദിനത്തലേന്നു വിദേശകാര്യ വക്താവ് ഡൽഹിയിൽ പറഞ്ഞു.
പാക്കിസ്ഥാൻ സൈനികമേധാവി അസിം മുനീർ അമേരിക്കയിൽ ചെന്ന് ഇന്ത്യയ്ക്കെതിരേ ആണവഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ പ്രതികരണം. ഇന്ത്യയിൽനിന്ന് അസ്തിത്വഭീഷണി നേരിടുകയാണെങ്കിൽ ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്ന് മുനീർ ഭീഷണിപ്പെടുത്തിയിരുന്നു.
""നമ്മളൊരു ആണവരാഷ്ട്രമാണ്. നമ്മൾ താഴേക്കു പോകുകയാണെന്ന് നമ്മൾ കരുതുന്നുവെങ്കിൽ, പകുതി ലോകവും നശിപ്പിക്കും’’എന്നായിരുന്നു മുനീറിന്റെ ഭീഷണി. അമേരിക്കയുടെ മണ്ണിൽനിന്നു മൂന്നാമതൊരു രാജ്യത്തിനെതിരേ ഉയർന്ന ആദ്യത്തെ ആണവഭീഷണിക്കെതിരേ ഇന്ത്യയിൽ വലിയ രോഷം ഉയർന്നതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്.
സിന്ധു നദിയിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരേയും പാക് സൈനികമേധാവി അമേരിക്കയിൽ ചെന്നു ഭീഷണി മുഴക്കിയിരുന്നു. പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹത്തിനു തടസമാകുന്ന സിന്ധു നദീജല ചാനലുകളിലെ ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുമെന്നായിരുന്നു മുനീറിന്റെ ഭീഷണി. ജലസ്രോതസ് ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം സിന്ധു നദീജല ഉടന്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്കു തള്ളിവിടുമെന്ന് മുനീർ അവകാശപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല ഉടന്പടിയെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്താൻ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിക്കു നിയമപരമായ ഒരധികാരവുമില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
ആർബിട്രേഷൻ കോടതി എന്നറിയപ്പെടുന്നതിന്റെ നിയമസാധുത ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അധികാരപരിധിയില്ലാത്ത അതിന്റെ പ്രഖ്യാപനങ്ങൾക്കു നിയമപരമായ നിലനിൽപ്പില്ല. ജലം ഉപയോഗിക്കാനുള്ള ഇന്ത്യയുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും അന്താരാഷ്ട്ര കോടതിയുടെ വിധിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ജയ്സ്വാൾ ഓർമിപ്പിച്ചു.