ജസ്റ്റീസ് യശ്വന്ത് വർമയുടെ ഇംപീച്ച്മെന്റ് ; മൂന്നംഗ സമിതി രൂപവത്കരിച്ചു
Wednesday, August 13, 2025 1:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്റിനായി ലോക്സഭാ സ്പീക്കർ മൂന്നംഗ അന്വേഷണസമിതിയെ നിയോഗിച്ചു.
സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് അംഗങ്ങൾ.
മൂന്നംഗ സമിതിക്ക് തെളിവുകൾ ശേഖരിക്കാനും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും അധികാരമുണ്ട്. സ്പീക്കർക്കാണ് അന്വേഷണ റിപ്പോർട്ട് നൽകുക. ഇതു സ്പീക്കർ ലോക്സഭയുടെ പരിഗണനയ്ക്കു വിടും. ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ചർച്ചയും വോട്ടെടുപ്പും നടക്കും.
ഇരുസഭകളിലും ഹാജരുള്ള എംപിമാരിൽ മൂന്നിൽ രണ്ടു പേർ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ മാത്രമേ പദവിയിൽനിന്നു ജഡ്ജി പുറത്താകുകയുള്ളൂ.ജസ്റ്റീസ് വർമയെ പുറത്താക്കുന്നതിനുള്ള നടപടികൾക്കു തുടക്കമായാണ് അന്വേഷണസമിതിയെ നിയോഗിച്ചത്.
1968 ലെ ജഡ്ജിമാരുടെ അന്വേഷണ നിയമപ്രകാരമാണു സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഇംപീച്ച്മെന്റിന്മേൽ തുടർനടപടികൾ ഉണ്ടാകില്ലെന്നു സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിച്ചു. ഭരണപക്ഷ-പ്രതിപക്ഷ പാർട്ടികളിലെ 146 എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ജൂലൈ 21ന് ലഭിച്ചതായി സ്പീക്കർ സഭയെ അറിയിച്ചു.
രാജ്യസഭയിൽ പ്രതിപക്ഷത്തെ മാത്രം 63 എംപിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം സ്വീകരിച്ചതിനെത്തുടർന്നു മണിക്കൂറുകൾക്കകം ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറുടെ കസേര തെറിച്ചത് വലിയ വിവാദമായിരുന്നു.
ലോക്സഭയിൽ സ്പീക്കർക്കു പ്രമേയം സമർപ്പിച്ച അതേദിവസം ഇംപീച്ച്മെന്റ് പ്രമേയം ലഭിച്ചതായും അതിന്മേൽ നടപടി തുടങ്ങുകയാണെന്നും അന്നത്തെ രാജ്യസഭാ ചെയർമാൻ ധൻകർ സഭയെ അറിയിച്ചിരുന്നു.
ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയത്തിൽ ഒപ്പിട്ട ബിജെപി എംപിമാർ രാജ്യസഭയിൽ അതിനു തയാറാകാത്തത് ദുരൂഹമായി. സാങ്കേതികമായി രാജ്യസഭയിൽ പ്രമേയം സ്വീകരിച്ചിട്ടില്ലെന്നു പിന്നീട് വിശദീകരണം വന്നു.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള നോട്ടീസിൽ ലോക്സഭയിൽ കുറഞ്ഞത് 100 എംപിമാരുടെയും രാജ്യസഭയിൽ 50 എംപിമാരുടെയും ഒപ്പു വേണമെന്നാണ് ചട്ടം.
ജഡ്ജിയുടെ വീട്ടിൽ 15 കോടി രൂപയുടെ നോട്ടുകെട്ടുകൾ
ഡൽഹി ഹൈക്കോടതിയിൽ സിറ്റിംഗ് ജഡ്ജിയായിരിക്കെ കഴിഞ്ഞ മാർച്ച് 14നാണ് ജസ്റ്റീസ് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായതിനെത്തുടർന്നു പകുതി കത്തിയ കറൻസി നോട്ടുകൾ കണ്ടെത്തിയത്.
പോലീസ് സുരക്ഷയുള്ള വസതി സമുച്ചയത്തിലെ ഔട്ട് ഹൗസിൽ നിരവധി ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു 500 രൂപയുടെ നോട്ടുകൾ. പാതി കരിഞ്ഞവ ഉൾപ്പെടെ 15 കോടി രൂപയുടെ നോട്ടുകെട്ടുകൾ ഉണ്ടായിരുന്നതായാണു റിപ്പോർട്ടുകൾ.
പക്ഷേ, പാതികരിഞ്ഞ നോട്ടുകെട്ടുകൾ വളരെ വേഗം സ്ഥലത്തുനിന്നു മാറ്റി. ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതും സംശയങ്ങൾ വർധിപ്പിച്ചു. വിവാദത്തെത്തുടർന്ന്, ജഡ്ജിയെ ഡൽഹിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റി.
ജസ്റ്റീസ് വർമയ്ക്കെതിരായ അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന മൂന്നു ജഡ്ജിമാരുടെ ആഭ്യന്തര അന്വേഷണസമിതി രൂപീകരിച്ചിരുന്നു. 55 സാക്ഷികളെ വിസ്തരിച്ചു.
ആരോപണങ്ങളിൽ മതിയായ വസ്തുതയുണ്ടെന്ന് സമിതി കണ്ടെത്തി. പണം കണ്ടെത്തിയ മുറിയുടെ മേൽ ജസ്റ്റീസ് വർമയ്ക്കും കുടുംബാംഗങ്ങൾക്കും സജീവ നിയന്ത്രണമുണ്ടെന്നും അന്വേഷണസമിതി കണ്ടെത്തി. തുടർന്നാണു വർമയെ അലഹബാദിലേക്കു സ്ഥലം മാറ്റിയത്. ജുഡീഷൽ ജോലികളിൽനിന്നു വർമയെ മാറ്റുകയും ചെയ്തു.
ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തന്നെ നീക്കംചെയ്യാൻ പാർലമെന്റിന് ചീഫ് ജസ്റ്റീസ് ഖന്ന ശിപാർശ ചെയ്തതിനെയും ചോദ്യം ചെയ്ത് ജസ്റ്റീസ് വർമ സമർപ്പിച്ച ഹർജി കഴിഞ്ഞ ഏഴിന് സുപ്രീംകോടതി നിരസിച്ചു. ഇതോടെയാണ് ഇംപീച്ച്മെന്റ് നടപടിക്കു വഴിയൊരുങ്ങിയത്.