"വോട്ടു ചോരി’; വീഡിയോ കാന്പയിനുമായി കോണ്ഗ്രസ്
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: വോട്ടുകൊള്ളയെ പരിഹസിക്കുന്ന "വോട്ടു ചോരി’എന്നപേരിൽ വീഡിയോ പുറത്തിറക്കി കോണ്ഗ്രസ്. കാന്പയിന്റെ ഭാഗമായി 55 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണു കോണ്ഗ്രസ് പുറത്തുവിട്ടത്.
വോട്ടർമാർ തങ്ങളുടെ വോട്ട് ചെയ്യാനെത്തുന്പോൾ മറ്റുചിലർ വോട്ട് ചെയ്തു മടങ്ങുന്നതും കള്ളവോട്ട് ചെയ്തവർക്കു പോളിംഗ് ഉദ്യോഗസ്ഥന്റെ പിന്തുണ ലഭിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
""നിങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ അനുവദിക്കരുത്. ചോദ്യങ്ങൾ ചോദിക്കുക, ഉത്തരങ്ങൾ ആവശ്യപ്പെടുക, വോട്ട് ചോരിക്കെതിരേ ശബ്ദമുയർത്തുക'' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
നിങ്ങളുടെ വോട്ട് മോഷ്ടിക്കപ്പെടുന്നത് നിങ്ങളുടെ അവകാശം മോഷ്ടിക്കപ്പെടുന്നതിനു തുല്യമാണെന്ന് വീഡിയോ പങ്കുവച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു.