യോഗിയെ പുകഴ്ത്തിയ എസ്പി എംഎൽഎയെ പാർട്ടിയിൽനിന്നു പുറത്താക്കി
Friday, August 15, 2025 12:35 AM IST
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമസഭയിൽ പുകഴ്ത്തി സംസാരിച്ചതിനു സമാജ്വാദി പാർട്ടി എംഎൽഎ പൂജാ പാലിനെ പാർട്ടിയിൽനിന്നു പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണു നടപടി.
കൊടും കുറ്റവാളിയും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദിനെ മൂന്ന് അക്രമികൾ വെടിവച്ചു കൊന്നതിന്റെ പേരിലാണു പൂജ മുഖ്യമന്ത്രിയെ പ്രശംസിച്ചത്.
പൂജ പാലിന്റെ ഭർത്താവും ബിഎസ്പി എംഎൽഎയുമായിരുന്ന രാജു പാലിനെ 2005ൽ അതിഖ് അഹമ്മദിന്റെ സംഘം വെടിവച്ചു കൊന്നിരുന്നു. 2023 ഓഗസ്റ്റ് 15നാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. പോലീസ് എസ്കോർട്ടിൽ വൈദ്യപരിശോധനയ്ക്കു പോകവേ മൂന്ന് അക്രമികൾ പോയിന്റ് ബ്ലാങ്കിൽനിന്നു വെടിവയ്ക്കുകയായിരുന്നു.
വിഷൻ 2047 ചർച്ചയ്ക്കിടെയാണ് പൂജ പാൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയത്. “എണ്ണമറ്റ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നഷ്ടമായി. എണ്ണമറ്റ അമ്മമാർക്ക് മക്കളെ നഷ്ടമായി. അതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ തുടച്ചുനീക്കിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കുന്നു”- പൂജ പാൽ പറഞ്ഞു.