ഗോഡ്സെയുടെ പിൻഗാമികളിൽനിന്ന് ജീവനു ഭീഷണി: രാഹുൽ
Thursday, August 14, 2025 4:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽനിന്നു തന്റെ ജീവനു ഭീഷണിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടുകൊള്ള പുറത്തു കൊണ്ടുവന്നതിന്റെ പേരിൽ ബിജെപി നേതാക്കളിൽനിന്നു പരസ്യമായ ഭീഷണിയുണ്ടെന്നും കോണ്ഗ്രസ് നേതാവ് വ്യക്തമാക്കി.
പൊതുപ്രസംഗത്തിനിടെ വി.ഡി. സവർക്കർക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചു സത്യകി സവർക്കർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണു പൂനയിലെ പ്രത്യേക എംപി- എംഎൽഎ കോടതിയിലാണു രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
സമീപകാല രാഷ്ട്രീയ പ്രശ്നങ്ങളും സവർക്കർക്കെതിരായ പരാമർശങ്ങളും കാരണം തന്റെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകളും ജീവനു കടുത്ത ഭീഷണിയുമുണ്ടെന്ന് രാഹുൽ പറഞ്ഞു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണു പരാതിക്കാരൻ.
പരാതിക്കാരന്റെ വംശപരന്പരയുമായി ബന്ധപ്പെട്ട് അക്രമത്തിന്റെയും ഭരണഘടനാവിരുദ്ധ പ്രവണതകളുടെയും രേഖാമൂലമുള്ള ചരിത്രമുണ്ട്. രാഹുലിന് ആക്രമണം നേരിട്ടേക്കാമെന്ന വ്യക്തവും ശക്തവും ന്യായയുക്തവുമായ ആശങ്ക നിലനിൽക്കുന്നുണ്ട്. ചരിത്രം ആവർത്തിക്കാൻ അനുവദിക്കരുതെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തന്റെ "വോട്ട് ചോരി' ആരോപണങ്ങൾ രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബിജെപി നേതാക്കളിൽനിന്നു തനിക്ക് രണ്ടു പരസ്യഭീഷണികൾ ലഭിച്ചിട്ടുണ്ട്. ഒന്ന്, കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിൽനിന്നാണ്.
രാജ്യത്തെ ഒന്നാം നന്പർ തീവ്രവാദി എന്നാണ് ബിട്ടു വിളിച്ചത്. മറ്റൊന്ന്, ബിജെപി നേതാവ് തർവീന്ദർ സിംഗ് മർവയിൽനിന്നാണെന്നും അഭിഭാഷകനായ മിലിന്ദ് ദത്താത്രേയ പവാർ മുഖേന നൽകിയ അപേക്ഷയിൽ രാഹുൽ വ്യക്തമാക്കി. താൻ നേരിടുന്ന ഭീഷണിയെക്കുറിച്ചു കോടതി ശ്രദ്ധിക്കണം. മുൻകരുതൽ സുരക്ഷ നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലെ പ്രധാന പ്രതിയായ നാഥുറാം, ഗോപാൽ ഗോഡ്സെമാരുടെ മാതൃകുടുംബ വംശപരന്പരയിലൂടെ നേരിട്ടുള്ള പിൻഗാമിയാണെന്നു പരാതിക്കാരനായ സത്യകി സവർക്കർതന്നെ വ്യക്തമായി സമ്മതിച്ചിരുന്നു.
വി.ഡി. സവർക്കറുടെ വംശപരന്പരയാണെന്നും സത്യകി അവകാശപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ പ്രവൃത്തിയല്ലായിരുന്നു. മറിച്ച്, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു- രാഹുൽ ചൂണ്ടിക്കാട്ടി.
ഒരു യഥാർഥ ഹിന്ദു ഒരിക്കലും അക്രമാസക്തനല്ല. വിദ്വേഷം പ്രചരിപ്പിക്കാൻ കഴിയില്ല. എന്നാൽ, ബിജെപി വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നു. അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്ന് പാർലമെന്റിൽ രാഹുൽ നേരത്തേ നടത്തിയ പ്രസംഗവും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.