സവർക്കർ മാനനഷ്ടക്കേസ്: ജീവന് ഭീഷണിയെന്ന ഹർജി രാഹുൽ ഗാന്ധി പിൻവലിച്ചു
Friday, August 15, 2025 1:20 AM IST
പൂനെ: സവർക്കറിന്റെ പിൻഗാമികളിൽനിന്നു തനിക്ക് ജീവന് ഭീഷണിയുണ്ടെന്നു കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി പിൻവലിച്ചു. ഇത് പിൻവലിക്കാൻ കോടതി അനുവദിച്ചതായി രാഹുലിന്റെ അഭിഭാഷകൻ മിലിന്ദ് പവാർ അറിയിച്ചു.
ബുധനാഴ്ച ഹർജി നൽകി മണിക്കൂറുകൾക്കുള്ളിൽ, അത് രാഹുലിന്റെ അനുവാദത്തോടെയായിരുന്നില്ലെന്നും പിൻവലിക്കുമെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. വിനായക് ദാമോദർ സവർക്കറിന്റെ ബന്ധു സത്യകി സവർക്കർ നൽകിയ മാനനഷ്ടക്കേസിൽ രാഹുലിനുവേണ്ടി വാദിക്കുന്നത് പവാറാണ്.
2023ൽ ലണ്ടനിൽ വച്ച് രാഹുൽ സവർക്കറെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസംഗം നടത്തിയെന്നു കാണിച്ചാണ് സത്യകി സവർക്കർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സവർക്കർ മുസ്ലിമായ ഒരാളെ ആക്രമിച്ചുവെന്നും അത് ആനന്ദദായകമായിരുന്നെന്നു പുസ്തകത്തിൽ എഴുതിയെന്നുമായിരുന്നു രാഹുൽ അന്ന് പറഞ്ഞത്.
സവർക്കർ ഇത്തരത്തിൽ എഴുതിയിട്ടില്ലെന്ന് സത്യകി കോടതിയിൽ വാദിച്ചിരുന്നു. ഈ കേസിൽ രാഹുലിന് പൂനെ കോടതി പിന്നീട് ജാമ്യം നൽകി. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.