കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് അസാധുവാക്കണം: കോണ്‍ഗ്രസ്
Friday, August 15, 2025 1:20 AM IST
ന്യൂഡൽഹി: കഴിഞ്ഞവർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളവോട്ടുകളുടെ "ബൂസ്റ്റർ ഡോസ്’ ഉപയോഗിച്ചാണ് അധികാരത്തിലെത്തിയതെന്നും അതിനാൽത്തന്നെ അദ്ദേഹത്തിന് അധികാരത്തിലിരിക്കാൻ അവകാശമില്ലെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവൻ പവൻ ഖേര എഐസിസി ആസ്ഥാനത്തു വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വയനാട്, റായ്ബറേലി, കനൗജ് എന്നിങ്ങനെയുള്ള പ്രധാന പ്രതിപക്ഷനേതാക്കളുടെ ലോക്സഭാ സീറ്റുകളിൽ ക്രമക്കേടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കഴിഞ്ഞദിവസം ബിജെപി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനം ആയുധമാക്കിയായിരുന്നു പവൻ ഖേര തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യമുയർത്തിയത്.
അനുരാഗിന്റെ വാർത്താസമ്മേളനത്തിലൂടെ, കള്ളവോട്ടുകളുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണം ബിജെപി ശരിവച്ചെന്നും ഇത്തരത്തിൽ കള്ളവോട്ടുകളുടെ സഹായത്തിലാണു മോദി വാരണാസി സീറ്റിൽ വിജയിച്ചതെന്നും പവൻ ആരോപിച്ചു.
ഒന്നരലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം വിജയിച്ച വാരണാസിയിലെ ഇലക്ട്രോണിക് വോട്ടർ പട്ടിക പുറത്തുവന്നാൽ സത്യം പുറത്തുവരുമെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷനേതാക്കളുടെ സീറ്റുകളിലെ വോട്ടർപട്ടിക അനുരാഗിന് എളുപ്പത്തിൽ ലഭ്യമായതെങ്ങനെയെന്നും കോണ്‍ഗ്രസ് സംശയമുന്നയിച്ചു. ഒരൊറ്റ നിയസഭാ മണ്ഡലത്തിലെ കള്ളവോട്ടുകൾ തിരിച്ചറിയാനും പഠിക്കാനും കോണ്‍ഗ്രസിന് ആറു മാസം ആവശ്യമായിവന്നപ്പോൾ പ്രതിപക്ഷനേതാക്കളുടെ ആറു ലോക്സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടർ വിവരങ്ങൾ വെറും ആറു ദിവസത്തിനുള്ളിലാണ് അനുരാഗിനു ലഭിച്ചതെന്ന് പവൻ ചൂണ്ടിക്കാട്ടി. ഇതു ബിജെപിയും തെരഞ്ഞെടുപ്പു കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് സൂചിപ്പിക്കുന്നത്.
രാഹുലിന്റേതിനു സമാനമായി അനുരാഗും ആരോപണങ്ങൾ ഉന്നയിച്ചിട്ടും വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള സത്യവാങ്മൂലം അദ്ദേഹത്തോട് ആവശ്യപ്പെടാത്തതെന്തുകൊണ്ടാണെന്നും കോണ്‍ഗ്രസിന്റെ ദേശീയ വക്താവുകൂടിയായ പവൻ ചോദിച്ചു.