അണ്ണാ ഡിഎംകെ നേതാവ് മൈത്രേയൻ ഡിഎംകെയിൽ
Thursday, August 14, 2025 3:50 AM IST
ചെന്നൈ: മുതിർന്ന അണ്ണാ ഡിഎംകെ നേതാവും മൂന്നു തവണ രാജ്യസഭാംഗവുമായ വി. മൈത്രേയൻ ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് മൈത്രേയൻ ഡിഎംകെ അംഗത്വമെടുത്തത്.
അണ്ണാ ഡിഎംകെയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ലെന്നും ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത് അമിത് ഷാ ആണെന്നും മൈത്രേയൻ കുറ്റപ്പെടുത്തി. മൈത്രേയനെ അണ്ണാ ഡിഎംകെയിൽനിന്ന് പുറത്താക്കിയന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിച്ചു.
ഈയിടെ അണ്ണാ ഡിഎംകെ വിട്ട മുൻ മന്ത്രി എ. അൻവർ രാജ, മുൻ എംഎൽഎ വി.ആർ. കാർത്തിക് തോണ്ടൈമാൻ എന്നിവരും ഡിഎംകെയിൽ ചേർന്നു. ഒ. പനീർശെൽവത്തെ പിന്തുണച്ചതിന്റെ പേരിൽ 2022 ഒക്ടോബറിൽ മൈത്രേയനെ അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു.