വന്യമൃഗ ആക്രമണം: ഫണ്ടുണ്ട്, പദ്ധതിയില്ല
Thursday, August 14, 2025 3:50 AM IST
ന്യൂഡൽഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വന്യമൃഗ ആക്രമണം പരിഹരിക്കാൻ സാധിക്കാത്തതിനു ഭരണകൂടം കണ്ടെത്തുന്ന കാരണം കൃത്യമായി ഫണ്ട് ലഭിക്കുന്നില്ല എന്നതാണ്.
എന്നാൽ കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹബിറ്റാറ്റ് സ്കീം പ്രകാരം കേരളത്തിന് അനുവദിച്ചത് 104.57 കോടി രൂപ; ചെലവഴിച്ചത് 30.82 കോടി മാത്രം.
മറ്റൊരു പദ്ധതിയായ പ്രോജക്ട് എലഫന്റ് ആൻഡ് ടൈഗർ പദ്ധതി പ്രകാരം അനുവദിച്ചത് 116.81 കോടി; ചെലവഴിച്ചത് 42.73 കോടി. രണ്ടു പദ്ധതികളിലും കൂടി ആകെ അനുവദിച്ചത് 221.38 കോടി. ആകെ ചെലവഴിച്ചത് 73.55 കോടി മാത്രം. ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത് 147.38 കോടി രൂപ. കഴിഞ്ഞ 11ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പാർലമെന്റിൽ നൽകിയ കണക്കുകളാണിത്.
കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകളാണ് കേന്ദ്രസർക്കാർ നൽകിയത്. ‘വന്യജീവി ആവാസവ്യവസ്ഥകളുടെ വികസനം’ എന്ന പദ്ധതിപ്രകാരം അനുവദിച്ച ഫണ്ടിന്റെ കണക്കാണിത്. പദ്ധതിപ്രകാരം വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷണം, അവയുടെ പരിപാലനം തുടങ്ങിയവയ്ക്കാണു ഫണ്ട് ഉപയോഗിക്കേണ്ടത്.
സംസ്ഥാന സർക്കാർ ഇതിനായി കൃത്യമായ പദ്ധതികൾ തയാറാക്കി കേന്ദ്രസർക്കാരിനു കൈമാറണം. അതനുസരിച്ചാണ് സംസ്ഥാനങ്ങൾക്കു കേന്ദ്രം ഫണ്ട് അനുവദിക്കുക. കടുവ, ആന എന്നിവയെ ഉൾപ്പെടുത്തി ഒരു പദ്ധതി, മറ്റു വന്യജീവികൾക്ക് മറ്റൊരു പദ്ധതി എന്ന രീതിയിലാണു കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്.
മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യന്റെ ആവാസവ്യസ്ഥയ്ക്കു ഭീഷണിയാകുന്നതു തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യമായ ഫണ്ടില്ലെന്നു സംസ്ഥാന സർക്കാർ പറയുന്നു. അതേസമയം, ഫണ്ട് നൽകുന്നുണ്ട്; എന്നാൽ അതിനാവശ്യമായ പദ്ധതി നൽകുന്നില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
ഇരുകൂട്ടർക്കുമിടയിൽ പെടുന്നത് പാവപ്പെട്ട ജനങ്ങളും. കേന്ദ്രസർക്കാരിന്റെ കണക്കുകൾ പ്രകാരം കേരളത്തിന് അനുവദിച്ച തുകയുടെ സിംഹഭാഗവും കൃത്യമായ പദ്ധതികളില്ല എന്ന കാരണത്താൽ പാഴായി പോകുകയാണുണ്ടായത്.