വോട്ടുകൊള്ളയ്ക്കെതിരേ പാർലമെന്റിൽ ടീഷർട്ട് ധരിച്ച് പ്രതിപക്ഷ പ്രതിഷേധം
Wednesday, August 13, 2025 1:51 AM IST
ന്യൂഡൽഹി: വോട്ട് കൊള്ളയ്ക്കെതിരേ പ്രതീകാത്മക പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷ എംപിമാർ. വോട്ടുകൊള്ളയുടെ പ്രതീകമായി 124 വയസുള്ള മിൻത ദേവിയുടെ ചിത്രവും 124 നോട്ടൗട്ട് എന്നും എഴുതിയ ടീ ഷർട്ട് ധരിച്ചാണ് എംപിമാർ ഇന്നലെ പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കഴിഞ്ഞ ഒന്നിനു പുറത്തിറക്കിയ ബിഹാർ വോട്ടർപട്ടിക കരട് ലിസ്റ്റിൽ സിവാനി മണ്ഡലത്തിൽ 124 വയസുള്ള മിൻത ദേവിയുടെ പേരും കന്നിവോട്ടറായി ഉൾപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രിയങ്കയുൾപ്പെടെ കേരളത്തിൽനിന്നുള്ള എംപിമാരും ഈ ടീഷർട്ട് അണിഞ്ഞാണ് ഇന്നലെ പാർലമെന്റിലെത്തിയത്.
വോട്ടുകൊള്ള തുറന്നുകാട്ടാൻ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും 124 വയസുള്ള മിൻത ദേവിയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോപിച്ചിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രകാരം ലോകത്ത് ഏറ്റവും പ്രായംകൂടിയ വ്യക്തി 115 വയസുള്ള ബ്രിട്ടനിലെ എഥേൽ കാറ്റർഹാം ആണെന്നും എന്നാൽ, ബിഹാറിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വോട്ടർപട്ടിക പ്രകാരം സിവാനി മണ്ഡലത്തിലെ മിൻത ദേവിക്ക് 124 വയസാണെന്നു മാത്രമല്ല അവർ കന്നി വോട്ടറാണെന്നും കോണ്ഗ്രസ് നേതാക്കൾ പരിഹസിച്ചു.
മിൻത ദേവിക്കു പുറമെ ബിഹാറിലെ ബാഗൽപുരിൽ 120 വയസുള്ള ആശാ ദേവി, ഗോപാൽഗഞ്ജിൽ 119 വയസുള്ള മനുതരിയ ദേവി എന്നിവരുടെ പേരുകളും വോട്ടർപട്ടികയിൽ ഉൾപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.