ജീവിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തേക്കാൾ വലുത്: സുപ്രീംകോടതി
Thursday, July 17, 2025 2:03 AM IST
ന്യൂഡൽഹി: ജീവിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തേക്കാൾ വലുതാണെന്നു നിരീക്ഷിച്ച് സുപ്രീംകോടതി.
‘ഉദയ്പുർ ഫയൽസ്: കനയ്യ ലാൽ ടെയ്ലർ മർഡർ’ എന്ന വിവാദ സിനിമയുടെ റിലീസിംഗ് തടഞ്ഞ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു പരാമർശം നടത്തിയത്.
ഹൈക്കോടതി നിർദേശപ്രകാരം സിനിമ സർക്കാരിനു പരിശോധിക്കാമെന്നു വ്യക്തമാക്കിയ കോടതി പ്രദർശനത്തിന് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ ഉടൻ പിൻവലിക്കാൻ വിസമ്മതിച്ചു.
ഉദയ്പുരിലെ തയ്യൽക്കാരൻ കനയ്യ ലാൽ തേലി എന്നയാളുടെ കൊലപാതകത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അധിക്ഷേപിക്കുന്നുവെന്നും അതിനാൽ ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു ജമിയത്ത് ഉലമ ഇഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി ഉൾപ്പെടെ സമർപ്പിച്ച മൂന്ന് ഹർജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ മാസം 11നായിരുന്നു ചിത്രത്തിന്റെ റിലീസിംഗ് നിശ്ചയിച്ചിരുന്നത്.
സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) കോടതിയിൽ വ്യക്തമാക്കി. തുടർന്ന് കോടതി നിയോഗിച്ച സമിതിയോട് വിഷയത്തിൽ ഉടൻ തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു.